മണ്ണാര്‍ക്കാട്: കാലവര്‍ഷം ആരംഭിച്ചതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രത പാലിക്കണ മെന്ന് പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ടി.വി റോഷ് അറിയിച്ചു. വീടിനു ചുറ്റും കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കാനും ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യ ങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലിശല്യം ഉണ്ടാകാതെ ശ്രദ്ധിക്കണം. മഴവെള്ളം കെട്ടി നില്ക്കുന്ന സാഹചര്യം കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, മലമ്പനി എന്നിവയ്ക്കും കെട്ടികിടക്കുന്ന വെള്ളവുമായുള്ള സമ്പര്‍ക്കം ജന്തുജന്യരോഗമായ എലിപ്പനിക്കും വഴിയൊരു ക്കും. ആഹാരവും കുടിവെള്ളവും മലിനമാവുന്നത് വഴി ജലജന്യരോഗങ്ങളായ വയറിളക്കം, ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മൂലമുള്ള മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കും സാധ്യതയുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, നന്നായി പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ മാത്രം കഴിക്കുക, ഭക്ഷണ പദാര്‍ഥങ്ങള്‍ എപ്പോഴും അടച്ചുസൂക്ഷിക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയിലൂടെ ഇത്തരം രോഗങ്ങളെ അകറ്റി നിര്‍ത്താം. വയറിളക്കമുണ്ടായാല്‍ നിര്‍ജലീക രണം തടയാനായി ഒ.ആര്.എസ് ലായനി, കരിക്കിന് വെള്ളം, കഞ്ഞിവെള്ളം തുടങ്ങിയവ രോഗിക്ക് നല്‍കണം. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ഒരു പാക്കറ്റ് ഒ.ആര്.എസ് വീട്ടില്‍ കരുതേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരെ വിവരവും അറിയിക്കണം.
ഡെങ്കിപ്പനി
ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഡെങ്കു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടികിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ടു വളരുന്നത്. പെട്ടെന്നുള്ള കനത്ത പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ട വേദന, ചെറിയ ചുമ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്ത് അങ്ങിങ്ങായി ചുവന്നു തിണര്‍ത്ത പാടുകള്‍ കാണാനും സാധ്യതയുണ്ട്.
മലമ്പനി
അനോഫിലിസ് വിഭാഗത്തിലെപ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. പെട്ടെന്നുണ്ടാകുന്ന അതികഠിനമായ പനി, വിറയലും കുളിരും, അസഹ്യമായ ശരീരവേദനയും തലവേദനയും, ചുട്ടുപൊള്ളുന്ന അവസ്ഥ എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് യാത്ര ചെയ്ത് വരുന്നവര്‍ക്ക് പനി വന്നാല്‍ നിര്‍ബന്ധമായും ആശുപത്രിയില്‍ എത്തി രക്തപരി ശോധന നടത്തി മലമ്പനി അല്ലെന്ന് ഉറപ്പ് വരുത്തണം. എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലും മലമ്പനി രോഗത്തിനുള്ള പരിശോധനയും ചികിത്സയും സൗജന്യമായി ലഭ്യമാണ്.
എലിപ്പനി
എലിപ്പനി തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കും. ലെപ്ടോസ്പൈറ ഇനത്തില്‍പ്പെട്ട സ്പൈറോകീറ്റ ബാക്ടീരിയ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ രോഗാണുവാഹകരയായ എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. കാലില്‍ മുറിവ്, വിണ്ടുകീറിയ കാല്പ്പാദങ്ങള് എന്നിവ ഉള്ളവര്‍ കെട്ടിക്കിടക്കുന്ന മലിനജലവുമായി നേരിട്ട് സമ്പര്‍ക്കം ഇല്ലെന്ന് ഉറപ്പാക്കണം. പനി, തലവേദന, ക്ഷീണം, ശക്തമായ ശരീരവേദന, നടുവേദന, കാല്‍വണ്ണയിലെ പേശിവേദന കണ്ണിന് മഞ്ഞനിറം/ ചുവപ്പ് നിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുള്ള വര്, കൃഷിപ്പണിക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, നിര്‍മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടവര്‍, വെള്ളം കയറിയ പ്രദേശത്തുള്ളവരും, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ഡോക്സിസൈക്ലിന്‍ പ്രതിരോധ ഗുളിക ആഴ്ചത്തോറും കഴിക്കണമെന്നും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം തേടേണ്ടതുമാണ്.ഏത് പനിയും മാരകമായേക്കാം, സ്വയം ചികിത്സിക്കാതെ തുടക്ക ത്തില്‍ തന്നെ ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തി ഡോക്ടറുടെ സഹായം തേടണം.
