മണ്ണാര്‍ക്കാട്: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ഇറങ്ങി നടക്കേണ്ടി വന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്-ജില്ലാ-ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും ഈ പ്രതിരോധ ഗുളിക സൗജന്യമായി ലഭിക്കും.
എലി, കന്നുകാലികള്‍, നായ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തില്‍ കാണപ്പെടുന്ന ‘ലെപ്ടോസ്പൈറ’ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് എലിപ്പനി. രോഗവാഹകരായ ജീവികളുടെ മൂത്രം കലര്‍ന്ന വെള്ളത്തിലോ, ചെളിയിലോ, ഈര്‍പ്പമുള്ള മണ്ണിലോ സമ്പര്‍ക്കമുണ്ടായാല്‍ ഈ ബാക്ടീരിയ മനുഷ്യശരീരത്തില്‍ പ്രവേശിക്കാം. കഠിനമായ പനി, തലവേദന, പേശിവേദന (പ്രത്യേകിച്ച് കാല്‍വണ്ണയിലെ പേശികളില്‍), വയറുവേദന, ഛര്‍ദ്ദി, കണ്ണില്‍ ചുവപ്പുനിറം, മഞ്ഞപ്പിത്തം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.
വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍, കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, പ്ലമ്പര്‍മാര്‍, പെയിന്റര്‍മാര്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍, മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നവര്‍, മലിനജലത്തില്‍ ഇറങ്ങുന്നവര്‍ എന്നിവര്‍ക്ക് എലിപ്പനി ബാധിക്കാന്‍ സാധ്യത കൂടുതലായതിനാല്‍ കൈയ്യുറകളും കാലുറകളും ധരിക്കണം.
ശരീരത്തില്‍ മുറിവുകളുള്ളവര്‍ യാതൊരു കാരണവശാലും മലിന ജലത്തില്‍ ഇറങ്ങുകയോ മണ്ണില്‍ ജോലി ചെയ്യുകയോ ചെയ്യരുത്. മലിന ജലത്തില്‍ ഇറങ്ങി നടക്കേണ്ടി വന്നാല്‍ എത്രയും വേഗം കാലുകള്‍ സോപ്പ് ഉപയോഗിച്ച് ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ഡോക്സിസൈക്ലിന്‍ ഗുളികകള്‍ കൃത്യമായി കഴിക്കണമെന്നും സ്വയംചികിത്സ ഒഴിവാക്കി രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
