മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സോളാര്‍ ഫെന്‍സുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനായി, വനം വകുപ്പ് പുതിയ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് സംവിധാനവും മോണി റ്ററിങ് പോര്‍ട്ടലും വികസിപ്പിച്ചു. സംസ്ഥാനത്ത് വനംവകുപ്പ് സ്ഥാപിച്ച സോളാര്‍ ഫെന്‍സുകളുടെ പ്രവര്‍ത്തനക്ഷമത, അറ്റകുറ്റപ്പണികള്‍, പരിശോധനകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖ രിക്കുന്നത് ഇതുവരെ സമയമെടുക്കുന്നതും ശ്രമകരവുമായ പ്രക്രിയയായിരുന്നു. ഇത് പരിഹരി ക്കുന്നതിനായാണ് പുതിയ ഡിജിറ്റല്‍ സംവിധാനം ഇപ്പോള്‍ സജ്ജമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ഫോറസ്റ്റ് സ്റ്റേഷന്, സെക്ഷന്‍ പരിധികളിലുള്ള സോളാര്‍ ഫെന്‍സുകളുടെ പ്രവര്‍ത്തന നില ഈ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. പ്രവര്‍ത്തിക്കു ന്നതും പ്രവര്‍ത്തിക്കാത്തതുമായ ഫെന്‍സുകളുടെ ദൈര്‍ഘ്യം, നാശനഷ്ടങ്ങള്‍, അറ്റകുറ്റപ്പണികള്‍, പരിശോധന രേഖകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തും. ഫോറസ്റ്റ് സ്റ്റേഷന്, സെക്ഷന്‍ തലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന വിവരങ്ങള്‍ ഓണ്‍ലൈന്‍ മോണിറ്ററിങ് പോര്‍ട്ടലില്‍ സമാഹരിച്ച് ഡാഷ്ബോര്‍ഡിലൂടെ ലഭ്യമാക്കും. ഓരോ സോളാര്‍ ഫെന്‍സ് സ്ട്രെച്ചിന്റെയും നിലവിലെ പ്രവര്‍ത്തന നില നിരീക്ഷിക്കാനും, അവസാന പരിശോധനയ്ക്ക് ശേഷം 48 മണിക്കൂറിലധിക മായി പരിശോധിക്കാത്ത ഭാഗങ്ങള്‍ കണ്ടെത്താനും ഈ സംവിധാനം സഹായകരമാകും.
ഫെന്സുകള് നിശ്ചിത ഇടവേളകളില്‍ പരിശോധിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനും, പ്രവര്‍ത്തനരഹിതമായ ഭാഗങ്ങളില്‍ ഉടന്‍ അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനും പോര്‍ട്ടല്‍ വഴി യൊരുക്കും. ഒരൊറ്റ ക്ലിക്കില്‍ സംസ്ഥാനത്തെ എല്ലാ സോളാര്‍ ഫെന്സുകളുടെയും തത്സമയ പ്രവര്‍ത്തന അവലോകനം ലഭ്യമാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകതയെന്ന് വനം വകുപ്പ് അറിയിച്ചു.
