മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്സ് ഐ.ടി. ക്ലബുകളുടെ 2026-29 ബാച്ചിലേക്കുള്ള അംഗത്വത്തിന് ജൂണ്‍ 12 വരെ അപേക്ഷിക്കാം. നിലവില്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുള്ള സ്കൂളുകളിലെ 2026-27 അധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന 20 മുതല്‍ 40 വരെ വിദ്യാര്‍ഥികള്‍ക്കാണ് ഓരോ സ്കൂളിലെയും ക്ലബില്‍ അംഗത്വം നല്‍കുക.
അംഗത്വത്തിനായി താല്പര്യമുള്ള വിദ്യാര്‍ഥികള്‍ ജൂണ്‍ 12-നകം അതത് സ്കൂള്‍ മേധാവികള്‍ ക്ക് അപേക്ഷ സമര്‍പ്പിക്കണം. ജൂണ്‍ 18-ന് രാവിലെ 10 മണിക്ക് എല്ലാ യൂണിറ്റ് സ്കൂളുകളിലും പ്രത്യേക അഭിരുചി പരീക്ഷ നടത്തും. 5,6,7 ക്ലാസുകളിലെ ഐ.ടി. പാഠപുസ്തകങ്ങള്‍, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം, ഗണിതം, ലോജിക്കല്‍ ചിന്ത എന്നിവയെ അടിസ്ഥാനമാക്കിയാ ണ് പരീക്ഷ. അഭിരുചി പരീക്ഷയുടെ മാതൃക പരിചയപ്പെടുത്തുന്ന ക്ലാസുകള്‍ ജൂണ്‍ 12, 13, 14 തീയതികളില്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യും.
പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഹാര്ഡ്വെയര്, അനിമേഷന്‍, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്, സൈബര്‍ സുരക്ഷ, വീഡിയോ ഡോക്യുമെന്റേഷന് തുടങ്ങിയ മേഖലകളില്‍ പരിശീലനം ലിറ്റി ല്‍ കൈറ്റ്സ് ക്ലബുകളുടെ ഭാഗമായി ലഭിക്കും.സ്കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കാതെ മാസത്തി ല്‍ കുറഞ്ഞത് നാല് മണിക്കൂര്‍ പരിശീലനം അംഗങ്ങള്‍ക്ക് ഉറപ്പാക്കും. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ എ, ബി, സി ഗ്രേഡുകളിലുള്ള സര്‍ട്ടിഫിക്കറ്റുകളും നല്‍കും. സ്കൂളുകളിലെ ഐ.ടി പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍ മാപ്പിങ്, സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണം, സ്കൂള്‍ വിക്കി പുതുക്കല്‍, ഐ.ടി മേളകളും ക്യാമ്പുകളും സംഘടിപ്പിക്കല്‍, കൈറ്റ് വിക്ടേഴ്സിനായി വാര്‍ത്തകളും ഡോക്യുമെന്ററികളും തയാറാക്കല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങ ളും ലിറ്റില്‍ കൈറ്റ്സ് ക്ലബുകള്‍ ഏറ്റെടുക്കും.
