മണ്ണാര്‍ക്കാട്: മധ്യവേനലവധിക്ക് ശേഷം പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം കുറിച്ച് ജില്ലയിലെ സ്കൂളുകള്‍ തുറന്നു. കളിചിരികളുമായി പുത്തന്‍ പ്രതീക്ഷകളോടെ അക്ഷരമുറ്റത്തേക്ക് കടന്നുവന്ന കുരുന്നുകളെ വിപുലമായ പ്രവേശനോത്സവത്തോടെയാണ് വിദ്യാലയങ്ങള്‍ വരവേറ്റത്.പാലക്കാട് ജില്ലാതല പ്രവേശനോത്സവം കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. വി.കെ ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്തു.
പഠനത്തിന് പുറമെ, പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാകായിക രംഗത്തും മികവ് തെളിയിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ നൈസര്‍ഗികമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വ്യക്തിത്വവികസനം, സത്യസന്ധത, സല്‍സ്വഭാവം തുടങ്ങിയ മൂല്യങ്ങള്‍ വികസിപ്പിക്കുന്നതിന് മികച്ച വിദ്യാലയ അന്തരീക്ഷം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എന്‍. സരിത അധ്യക്ഷയായി. ജില്ലാ കലക്ടര്‍ കെ. സുധീര്‍ മുഖ്യാതിഥിയായിരുന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നീതു ശങ്കര്‍ നവാഗതരായ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. സ്കൂള്‍ ലോഗോ പ്രകാശനം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രന് നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കല്‍, മറ്റ് ജനപ്രതിനിധികളായ ബീന ജോയ്, നിസാമുദ്ദീന്‍ പൊന്നംകോട്, വി.കെ റഷീന, മണ്ണാര്‍ക്കാട് ഡി.ഇ.ഒ. വി. അനിത, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി. ശശിധരന്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരായ പി. അബൂബക്കര്‍, കെ.എന്‍ കൃഷ്ണകുമാര്‍, കെ.കെ മണികണ്ഠന്, പി.ടി.എ. പ്രസിഡന്റ് പി. ജയരാജന്, എം.പി.ടി.എ. പ്രസിഡന്റ് വിസ്മി ഷിന്റോ, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. സന്തോഷ്കുമാര്‍, സ്കൂള്‍ പാര്‍ലമെന്റ് ചെയര്‍പേഴ്സണ്‍ വി. പ്രഫുല്‍ദാസ്, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
