കാരാകുര്‍ശ്ശി: കാരാകുര്‍ശ്ശി ഗ്രാമ പഞ്ചായത്ത് ഒരുക്കിയ ‘മൊഞ്ചുള്ള മൈലാഞ്ചി -2026’ മൈലാഞ്ചി ഫെസ്റ്റ് ആവേശമായി. ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഫെസ്റ്റില്‍ നൂറിലധികം പേര് മൈലാഞ്ചി കൊണ്ട് കൈവെള്ളകളില്‍ വിസ്മയം തീര്‍ത്തു. മൊഞ്ചേറും ചിത്രങ്ങള്‍ വരച്ച് പ്രതിഭകള്‍ അണിനിരന്നപ്പോഴത് ആളുകള്‍ക്കും കൗതുക കാഴ്ചയായി.
ഗ്രാമ പഞ്ചായത്ത് ഓഫിസ് ഹാളില്‍ നടന്ന മത്സരം പ്രസിഡന്റ് റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ കലകളേയും പരമ്പരാഗത കൂട്ടായ്മകളേയും പ്രോത്സാഹിപ്പിക്കേണ്ടത് നാടിന്റെ ഐക്യത്തിന് അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.വൈസ് പ്രസിഡന്റ് ഹഫ്സത്ത് അധ്യ ക്ഷയായി. ഓര്‍ഗാനിക് ഹെന്ന മാത്രം ഉപയോഗിച്ച് പ്രകൃതിദത്ത രീതിയില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ആകര്‍ഷകമായ സമ്മാനങ്ങളും നല്കി.
കെന്‍സ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് നല്കുന്ന ഡയമണ്ട് റിങായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ മിക്സി ഫിഫ ക്ലിനിക്കും, മൂന്നാം സമ്മാനമായ കുക്കര്‍ സാഗര്‍ പെയിന്റ് സുമാണ് സ്പോണ്സര് ചെയ്തിരുന്നത്. ടിന്റു, ബിനോയ്, അന്ന സാറ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍. ഒന്നിനൊന്ന് മെച്ചപ്പെട്ട ഡിസൈനുകളില്‍ നിന്നും ഏറ്റവും മികച്ചത് തിരഞ്ഞെടു ക്കുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കാസിം കോലാനി, അലി അക്ബര്‍, ഷിഫാന എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷബാന, ഷെഫീക്ക്, സുഹൈ ല, ഐശ്വര്യ, ബിന്ദു, അജേഷ്, രാധിക, ഷാഹിന എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്കി.
