പാലക്കാട്: പുതിയ അധ്യയനവര്‍ഷത്തിന് മുന്നോടിയായി മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചു. ആറു താലൂക്കുകളിലെ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളുടെ കീഴിലാണ് പരിശോധന പുരോഗ മിക്കുന്നത്.
പാലക്കാട് റീജണല്‍ ട്രാന്സപോര്ട്ട് ഓഫീസിന്റെ കീഴില്‍ ഗവ.വിക്ടോറിയ കോളേജില്‍ നടന്ന ആദ്യ ദിവസത്തെ പരിശോധനയില്‍ 102 വാഹനങ്ങളാണ് ഹാജരായത്. ഇതില്‍ 72 വാഹനങ്ങള്‍ക്ക് സുരക്ഷാ സ്റ്റിക്കര്‍ പതിച്ചു നല്കി. വാഹനങ്ങളുടെ യാന്ത്രിക ക്ഷമത, ജി.പി.എസ്. സംവിധാനം, വിദ്യാ വാഹന്‍ സംവിധാനങ്ങള്‍, മോട്ടോര്‍ വാഹന വകുപ്പിന്റെ വിവരങ്ങള്‍ ലഭ്യമാകുന്ന ലീഡ്സ് ആപ്പ് എന്നിവയാണ് പരിശോധിക്കുന്നത്.
തകരാര്‍ കണ്ടെത്തിയ വാഹനങ്ങളില്‍ പ്രധാനമായും ബ്ലൈന്‍ഡ് സ്പോട്ട് മിറര്‍ ഫിറ്റ് ചെയ്യാത്തവ, ജി.പി.എസ് സംവിധാനത്തിലെ ക്രമക്കേടുകള്‍ എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചയച്ചത്. തകരാറുകള്‍ പരിഹരിച്ച വാഹനങ്ങള്‍ ശനിയാഴ്ച്ച വീണ്ടും സുരക്ഷാ പരിശോ ധനക്ക് ഹാജരാക്കി സുരഷാ സ്റ്റിക്കര്‍ പതിക്കണമെന്ന് ആര്.ടി.ഒ. സി.യു മുജീബ് അറിയിച്ചു.
