1,832 സ്ഥാപനങ്ങള്‍ പരിശോധിച്ചു
പാലക്കാട്: ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി, ജില്ലയില്‍ ഒരുവര്‍ഷത്തി നിടെ 18,287 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2,93,500 രൂപ പിഴയീടാക്കി. കഴിഞ്ഞ ഏപ്രിലില്‍ മാത്രം 1,832 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 20,400 രൂപയാണ് ഈടാക്കിയത്. ജില്ലയില്‍ 134 സ്കൂളുകള്‍ പുകയില രഹിത വിദ്യാഭ്യാസ സ്ഥാപന സര്ട്ടിഫിക്കേഷന് നേടി. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് സര്ട്ടിഫിക്കേഷന് ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്കി.
സ്കൂളിന്റെ 100 യാര്‍ഡ് ചുറ്റളവില്‍ പുകയില ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ടാവരുത്, സ്കൂളിലും പരിസരത്തും ഇവ ഉപയോഗിച്ചതിന്റെ തെളിവുകള്‍ കാണരുത്, പുകയിലരഹിത മേഖല എന്ന് പ്രതിപാദിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണം തുടങ്ങിയ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സര്ട്ടിഫിക്കേഷന് നല്‍കുക. സ്കൂള്‍ തുറന്ന് രണ്ടാഴ്ചയ്ക്ക് ശേഷം സ്കൂള്‍ പരിസരങ്ങളില്‍ എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ്, ജൂനിയര്‍ റെഡ്ക്രോസ് മുഖേന പരിശോധന നടത്താനും നിര്‍ദേശിച്ചു.
ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും.ആശുപത്രി കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രായോഗികമായി നടത്താന്‍ കഴിയുന്ന കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഗ്നിരക്ഷാസേന, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
