ഞായറാഴ്ച ആയിരങ്ങള്‍ പങ്കെടുക്കുന്ന അന്നദാനത്തോടെ നേര്‍ച്ച സമാപിക്കും
തൂത: ഒടമല മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ) വിന്റെ നാലുമാസം നീണ്ടുനിന്ന നേര്‍ച്ചയുടെ സമാപന പരിപാടികള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. വൈകിട്ട് നാല് മണിക്ക് ഒടമല ശൈഖ് ഫരീദ് ഔലിയ ദഅവ കോളേജ് വിദ്യാര്‍ഥി സംഘടന ഇമാദ് സംഘടിപ്പിക്കുന്ന അഖില കേരള ഖവ്വാലി മത്സരം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച രാത്രി ഏഴിന് നടക്കുന്ന ദിക്ര് ദുആ സമ്മേളനത്തിന് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് നേതൃത്വം നല്‍കും. മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷനാകും. അന്‍വര്‍ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച രാവിലെ 10 മണിക്ക് മഹല്ല് വനിതാ സംഗമവും ഹിമായ സനദ് ദാന സമ്മേളനവും നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ ഭാര്യ സയ്യിദത് സുല്ഫത് ബീവി ഉദ്ഘാടനവും സനദ് ദാനവും നിര്‍വഹിക്കും. ഹാഫിളത് സയ്യിദ ശിഫ്ന ഫാളില, റുഖിയ്യ ടീച്ചര്‍ ഒളവട്ടൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തും.
ഞായറാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന മൗലീദ് പാരായണത്തിന് ഏലംകുളം ബാപ്പു മുസ്ലിയാര് നേതൃത്വം നല്‍കും. തുടര്‍ന്ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന അന്നദാനത്തോടെ ഈ വര്‍ഷത്തെ നേര്‍ച്ച പരിപാടികള്‍ക്ക് സമാപനമാകും.
