മണ്ണാര്‍ക്കാട്: നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിനായി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്നയുടെ അധ്യക്ഷതയില്‍ ആലോചന യോഗം ചേര്‍ന്നു. ഇതിന്റെ ഭാഗമായി വാര്‍ഡ് തല ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.മെയ് 18-ന് വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ എന്നിവരെ അണിനിരത്തി മെഗാശുചീകരണവും നടത്തും.
വാര്‍ഡ് തല ആരോഗ്യ ശുചിത്വ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും സമിതി കള്‍ അടിയന്തരമായി യോഗം ചേര്‍ന്ന് ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും യോഗം നിര്‍ദേശിച്ചു. സ്കൂളുകള്‍ ശുചീകരിക്കുക, അപകടകരമായ മരങ്ങളും, ശിഖിരങ്ങളും മുറിച്ചു നീക്കുക, കിണര്‍ ശുചീകരിക്കുക, പൊതുഇടങ്ങളിലെ മാലിന്യം നീക്കം ചെയ്യുക എന്നിവ സമയബന്ധിതമായി നിര്‍വഹിക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. വീടുകളില്‍ നിന്നും കടകളില്‍ നിന്നുമെല്ലാമുള്ള മാലിന്യനീക്കം ഹരിതകര്‍മ്മസേന കൃത്യമായി ചെയ്യുന്നു ണ്ട്.
ദേശീയ ഡെങ്കിദിനമായ മെയ് 16-ന് മണ്ണാര്‍ക്കാട് നടക്കുന്ന റാലിയും ജി.എം.യു.പ. സ്കൂളില്‍ ചേരുന്ന പൊതുയോഗവും വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. സമീപകാലത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ നഗരസഭാ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൊതുക്-കൂത്താടി നശീകരണവും, ഫോഗിങ്ങും വാര്‍ഡുകളില്‍ നടത്തിയിരുന്നു. ബോധവ ല്ക്കരണപ്രവര്ത്തനങ്ങളും ശക്തമാക്കിയിരുന്നു. നിലവില്‍ ഡെങ്കിപ്പനി നിയന്ത്രണവിധേയ മാണെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ക്ലീന്‍ സിറ്റി മാനേജര്‍ കെ.മുഹമ്മദ് ഇക്ബാല്‍ വിശദീകരണം നടത്തി. വൈസ് ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന്, സ്ഥിരം സമിതി അധ്യക്ഷരായ ജ്യോതി കൃഷ്ണന്‍കുട്ടി, കെ.സി അബ്ദുറഹ്മാന്, നഗരസഭാ കൗണ്‍സിലര്‍ എസ്. അജയകുമാര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യപാരി വ്യവ സായി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
