മണ്ണാര്‍ക്കാട്: ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില കുത്തനെ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് മണ്ണാര്‍ക്കാട് യൂണിറ്റ് മണ്ണാര്‍ക്കാട് ഹെഡ്പോസ്റ്റാഫിസിന് മുന്നില്‍ ധര്‍ണ നടത്തി. കെ.എച്ച്.ആര്.എ. സംസ്ഥാന വ്യാപകമായി മെയ് ആറിന് നടത്തുന്ന കടയടപ്പ് സമരത്തിന് മുന്നോടിയായി നടത്തിയ ധര്‍ണ ജില്ലാ പ്രസിഡന്റ് ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ വാണിജ്യ സിലിണ്ടറുകള്‍ക്ക് 1,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. നിലവില്‍ ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ചത് ഹോട്ടല്‍ വ്യവസായത്തിന്റെ നിലനില് പ്പിനെ മാത്രമല്ല, ഭക്ഷണ വിഭവങ്ങളുടെ വില വര്‍ധിക്കുന്നതിലൂടെ പൊതുസമൂഹത്തിനും വലിയ ബാധ്യതയാകുമെന്ന് അസോസിയേഷന് ചൂണ്ടിക്കാട്ടി. സ്വകാര്യ കുത്തക കമ്പനികളെ സഹായിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇത്രയും വലിയ വിലവര്‍ധന നടപ്പിലാക്കിയതെന്നും കെ.എച്ച്.ആര്.എ. ആരോപിച്ചു.
യൂണിറ്റ് ട്രഷറര്‍ ജയന് ജ്യോതി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.നാസര്‍, യൂണിറ്റ് സെക്രട്ടറി എന്‍.മിന്‍ഷാദ്, ജോയിന്റ് സെക്രട്ടറി അസീസ്, മറ്റുഭാരവാഹികളായ ഷമീര്‍, ടി.കെ സിദ്ധീക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
