പാലക്കാട് : പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികൾ ജില്ലാ കളക്ടറുടെ സഹായത്തോടെ ഹോമിയോ വകുപ്പ് ഡയറക്ടർ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഹോമിയോ വകുപ്പ് ഡയറക്ടർ സ്ഥലപരിശോധന നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് സർക്കാരിൽ നിന്നും സ്വീകരിക്കേണ്ട നടപടികൾ വിശദമായി ഡയറക്ടർ ഒരു കത്ത് സർക്കാരിന് നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
40 വർഷം പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
1984 ഫെബ്രുവരി 10 ന് ആശുപത്രി തുടങ്ങിയ കാലത്തുള്ള സൗകര്യങ്ങൾ മാത്രമാണ് ഇപ്പോഴുമുള്ളതെന്ന് ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് കമ്മീഷനിൽ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. കെട്ടിത്തിന്റെ താഴത്തെ നിലയിൽ ജില്ലാഓഫീസും പ്രവർത്തിക്കുന്നുണ്ട്. 2018 മുതൽ ജില്ലാ മെഡിക്കൽ സ്റ്റോറും 2020 ൽ മറ്റൊരു സ്ഥാപനവും ഇവിടെ പ്രവർത്തനം തുടങ്ങി. അനുബന്ധ സ്ഥാപനങ്ങളും സീതാലയം, ജനനി എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കിടപ്പു രോഗികളെ കസേരയിലിരുത്തി എടുത്തുകയറ്റുകയാണ് ചെയ്യുന്നത്. ജീവനക്കാരുടെ കുറവും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിശക്തമായ മഴയുണ്ടായാൽ ഫ്രണ്ട് ഓഫീസ് ചോർന്നൊലിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റ് ഓഫീസുകൾ മാറ്റുകയാണെങ്കിൽ സ്ഥലപരിമിതിക്ക് പരിഹാരമാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകനായ എം. മുഹമ്മദ് റാഫി സമർപ്പിച്ച പരാതിയിലാണ് നടപടി.
