മണ്ണാര്‍ക്കാട്: മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക് നോളജി ഫോര്‍ എജ്യുക്കേഷന്‍ മോക്ക് ടെസ്റ്റുകള്‍ സംഘടിപ്പിക്കുന്നു. ‘ കീ ടു എന്‍ട്രന്‍സ് ‘ എന്ന പോര്‍ട്ടലില്‍ നീറ്റ് മോക്ക് ടെസ്റ്റുകള്‍ ഏപ്രില്‍ 24ന് തുടങ്ങും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും, എന്‍ട്രന്‍സ് കോച്ചിങ്ങുകള്‍ക്ക് പോകാന്‍ അവസര മില്ലാത്തവര്‍ക്കും എ.ഐ. അധിഷ്ഠിത പരിശീലനം സാധ്യമാക്കുന്ന പദ്ധതിയുടെ ഭാഗ മായി മെയ് ഒന്ന് മുതല്‍ സി.ഇ.യു.ഇ.ടി. ടെസ്റ്റുകളും ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
പരീക്ഷാ തയാറെടുപ്പുകള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി യഥാര്‍ഥ പരീക്ഷാ സാഹചര്യത്തിലാണ് മോക്ക് ടെസ്റ്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ നിന്നും ലഭിച്ച ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് etnrance.kite.kerala.gov.in പോര്‍ട്ടലിലൂടെ ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം. ലോഗിന്‍ ലഭിച്ചിട്ടില്ലാത്ത കുട്ടികള്‍ സ്കൂള്‍ പ്രിന്സിപ്പാളിനെയോ നോഡല്‍ ടീച്ചറിനെയോ ബന്ധപ്പെടണം.
മോക്ക് ടെസ്റ്റുകള്‍ക്കു പുറമെ വിവിധ വിഷയങ്ങള്‍ പരിശീലിക്കുന്നതിനു ഇരു പതിനായിരത്തിലധികം ചോദ്യങ്ങള്‍ അടങ്ങിയ പരിശീലന മൊഡ്യൂളുകള്‍ പോര്‍ട്ട ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിര്‍മിതബുദ്ധി സഹായത്തോടെ നിരവധി പ്രാക്ടീസ് ചോദ്യങ്ങള്‍, വ്യക്തിഗത പഠന പിന്തുണ, വിഷയാനുസൃത പഠന സാമഗ്രികള്‍, അഡാപ്റ്റീവ് ലേണിംഗ് സൗകര്യങ്ങള്‍, പ്രകടന വിശകലനം എന്നിവയും ലഭ്യമാകും.
