മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ നേര്‍ച്ച ഏപ്രില്‍ 18, 19 തിയതികളില്‍ പള്ളിപ്പടി സെന്റ റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18-ന് രാവിലെ 10 മണിക്ക് മദര്‍കെയര്‍ ആശുപത്രിയും നേര്‍ച്ച കമ്മിറ്റിയും സംയുക്തമായി സൗജന്യ മെഡിക്കല്‍, രക്തദാന ക്യാംപ് നടത്തും. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ ഓലിക്കല്‍ ഉദ്ഘാടനം ചെയ്യും.ബി.പി, ഷുഗര്‍ പരിശോധന, എക്കോ ടെസ്റ്റ്, ഇസിജി, പ്രമേഹ, നേത്ര രോഗ നിര്‍ണ്ണയം, കാഴ്ച പരിശോധന, തിമിര നിര്‍ണ്ണയം തുടങ്ങിയ സൗജന്യ സേവനങ്ങള്‍ ലഭ്യമാകും.
വൈകിട്ട് 4-ന് മര്‍ക്കസുല്‍ ഖാദിരിയ്യ ഹിഫ്ള് കോളജില്‍ നിന്ന് ഖുര്‍ആന്‍ പൂര്‍ണമായി മനപാഠമാക്കിയവര്ക്കുള്ള സനദ് ദാനവും വിദ്യാര്‍ഥി സമ്മേളനം നടക്കും. സയ്യിദ് ജസില്‍ തങ്ങള്‍, ഇബ്റാഹീം സഖാഫി, യൂസുഫ് ഫൈസി, ഡോ.ഷാഹുല്‍ ഹമീദ് നൂറാനി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. 19-ന് രാവിലെ 10 മണി മുതല്‍ കൊടിയേറ്റം, മാലിദ്, ഖതം ദുആ, ബുര്‍ദ, മാസാന്ത സ്വലാത്ത്, ഖുത്ബിയ്യത്ത് നടക്കും. സയ്യിദ് ബാവ ഫക്രുദ്ദീന്‍ അറബി തങ്ങള്‍ നാഗൂര് ദര്‍ഗ്ഗ ശരീഫ്, സയ്യിദ് തമീം അന്‍സാരി ഏര്‍വാടി ദര്‍ഗ ശരീഫ്, ഹംസ മഹ്മൂദി കൊടുങ്ങല്ലൂര്‍, ഹക്കീം സഖാഫി ആയഞ്ചേരി തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകിട്ട് നാല് മണിക്ക് നടക്കുന്ന സംസ്ക്കാരിക സമ്മേളനം വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്യും.സ്വാമി ആത്മ ദാസ്യമി ഗുരുജി, ഫാദര്‍ സഖറിയ, ശുഹൈബുല്‍ ഹൈതമി തുടങ്ങി മത സാമൂഹ്യ സാംസ്കാരിക പ്രമുഖര്‍ പങ്കെടുക്കും. രാത്രി ഏഴിന് രിഫാഈ റാത്തിബിന് ഡോ.കോയ കാപ്പാട് നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനമുണ്ടാകും.വാര്‍ത്ത സമ്മേളനത്തില്‍ ഡോ. ഉസ്മാന് സൈനി അല്‍ ഖാദിരി, മുഹമ്മദ് മുസ്തഫ അല്‍ മദനി, സല്‍മാനുല്‍ ഫാരിസ് അസ്ഹരി, ഉണ്ണീന്‍കുട്ടി, മൊയ്ദുപ്പ തുടങ്ങിയവര്‍ പങ്കെടുത്തു.
