പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങളിൽ സുരക്ഷാബോധം വർദ്ധിപ്പിക്കുന്നതിനു മായി കേരള പോലീസും കർണ്ണാടക റിസർവ് പോലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. പുതുനഗരം പോലീസ് സ്റ്റേഷൻ പരിധിയിലും പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷൻ പരിധിയിലുമാണ് മാർച്ച് സംഘടിപ്പിച്ചത്. പുതുനഗരം സ്റ്റേഷൻ പരിധിയിൽ പുതുനഗരം ടൗൺ, അടിച്ചിറ, പിട്ടുപീടിക, മരിയൻ കോളേജ് പരിസരം എന്നിവിടങ്ങളി ലും ടൗൺ നോർത്ത് പരിധിയിൽ കല്ലേക്കാട് മേഖലയിലെ പ്രധാന വീഥികളിലുമാണ് മാർച്ച് നടന്നത്. വോട്ടർമാർക്ക് ഭയരഹിതമായി സമ്മതിദാനാവകാശം വിനിയോഗിക്കാ നുള്ള അന്തരീക്ഷം ഒരുക്കുക, പ്രദേശത്തെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുക, തിരഞ്ഞെടുപ്പ് വേളയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മാർച്ച് നടത്തിയത്. വരും ദിവസങ്ങളിലും സ്റ്റേഷൻ പരിധിയിലെ വിവിധ മേഖലകളിൽ സമാനമായ രീതിയിലുള്ള പരിശോധനകളും കർശന സുരക്ഷാ ക്രമീകരണങ്ങളും തുടരുമെന്ന് പുതുനഗരം പോലീസ് അറിയിച്ചു.
