മണ്ണാര്‍ക്കാട്: ക്രിസ്തുദേവന്റെ അന്ത്യഅത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസി കള്‍ ഇന്ന് പെസഹ വ്യാഴം ആചരിച്ചു. ദേവാലയങ്ങളില്‍ തിരുവത്താഴ ദിവ്യബലിയും കാല്‍കഴുകല്‍ ശുശ്രൂഷ ചടങ്ങുമുണ്ടായി.
കുരിശുമരണം വരിക്കുന്നതിന് മുന്‍പ് യേശു തന്റെ 12 ശിഷ്യന്മാര്ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതും, വിശുദ്ധ കുര്‍ബാന എന്ന കൂദാശ സ്ഥാപിച്ചതും അനുസ്മരിച്ചാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. കടന്നുപോകല്‍ എന്നതാണ് പെസഹ എന്ന വാക്കിന്റെയര്‍ഥം. ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തില്‍ നിന്ന് ഇസ്രായേല്‍ ജനം മോശയുടെ പ്രവാചകത്വത്തില്‍ വിമോചിതരായതിനെയാണ് ഇതുസൂചിപ്പിക്കുന്നത്. യേശു ശിഷ്യരോടൊപ്പം പെസഹ ആചരിച്ച വേളയില്‍ ‘എല്ലാവരിലും വലിയവന്‍ എല്ലാവരുടേയും സേവകനായിരിക്കണം’ എന്ന മാതൃക പകര്‍ന്ന് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുകരിച്ച് എല്ലാ ദേവാലയങ്ങളിലും പുരോഹിതര്‍ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദം കഴുകുന്ന ശുശ്രൂഷയുണ്ടായി.
ഓശാന ഞായറാഴ്ച ആരംഭിച്ച വിശുദ്ധവാരത്തിലെ അഞ്ചാം ദിവസമാണ് പെസഹ. അന്‍പതുനോമ്പിലെ അവസാന ആഴ്ചയാണിത്. മണ്ണാര്‍ക്കാട്-അട്ടപ്പാടി താലൂക്കുകളിലെ വിവിധ ക്രൈസതവ ദേവാലയങ്ങളിലെ പെസഹാദിനാചരണ ചടങ്ങുകളുണ്ടായി. കാല്‍വരിക്കുന്നില്‍ യേശു കുരിശുമരണം വരിച്ചതിന്റെ അനുസ്മരണത്തിന് 3-ന് ദു:ഖവെള്ളി ആചരിക്കും. ദു:ഖവെള്ളിയാഴ്ച യേശുവിന്റെ പീഡാസഹനം, കുരിശുമരണം, കബറടക്കം എന്നിവ അനുസ്മരിക്കുന്ന ശുശ്രൂഷകളാണ്. മൂന്നാം ദിവസം യേശുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഞായറാഴ്ച ഉയിര്‍പ്പുതിരുനാള്‍ ആഘോഷിക്കുന്നതോടെ നോമ്പാചരണം സമാപിക്കും.
CONTENT COPIED FROM MATHRUBHUMI
