പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി തൃശ്ശൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലിസ് ടി. നാരായണന്റെ അധ്യക്ഷതയില്‍ പാലക്കാട് ഡി.പി.ഒ അനക്സില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു.
തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായി നടത്തുന്നതിനായി പൊലിസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ക്രമസമാധാന പാലനം, മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കല്‍ എന്നിവ യോഗം വിശദമായി ചര്‍ച്ച ചെയ്തു. ജില്ലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കാനും പരിശോധനകള്‍ ഊര്‍ജിതമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് ഡി.ഐ.ജി നിര്‍ദ്ദേശം നല്കി.
തെരഞ്ഞെടുപ്പ് കാലയളവില്‍ സൈബര്‍ ഇടങ്ങളിലെ നിരീക്ഷണം ശക്തമാക്കാനും ലഹരിമരുന്ന്, അനധികൃത പണം എന്നിവയുടെ കടത്ത് തടയുന്നതിനായി അതിര്‍ത്തി മേഖലകളില്‍ പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചു.
പാലക്കാട് ജില്ലാ പൊലിസ് മേധാവി അജിത് കുമാര്‍, ആശ ശര്‍മ്മ ,അഡിഷണല്‍ സൂപ്രണ്ട് ഓഫ് പൊലിസ് ടി.എസ് സിനോജ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ. വിജയകുമാര്‍, വിവിധ സബ് ഡിവിഷനല്‍ ഓഫിസര്‍മാര്‍, ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലെ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
