എടത്തനാട്ടുകര: പാലക്കാട് ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹൈസ്കൂളിന് ലഭിച്ചു.തുടര്‍ച്ചയായി രണ്ടാം തവണയാണ് സ്കൂളിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. സമ്മാനത്തുകയായി സ്കൂളിന് 40,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും ലഭിക്കും.സംസ്ഥാന ലിറ്റില്‍ കൈറ്റ്സ് ക്യാംപില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ലിറ്റില്‍ കൈറ്റ്സ് അംഗമായ ഒ.അലൂഫ് അന്‍വറിന് ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാംപിലേക്ക് സെലക്ഷനും ലഭിച്ചിട്ടുണ്ട്.
സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന് കീഴില്‍ സംഘടിപ്പിച്ച ലഹരിക്കെതിരെ ഷോര്‍ട്ട് ഫിലിം, രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും സൈബര്‍ സുരക്ഷ ബോധവത്കരണം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരിശീലനം, ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം, റോബോട്ടിക് ഫെസ്റ്റ്, ഉബുണ്ടു ഇന്സ്റ്റലേഷന് ഫെസ്റ്റ്, സ്വതന്ത്ര സോഫ്റ്റ്വെയര് വ്യാപനം, മറ്റു സ്കൂളുകളില്‍ നടത്തിയ ഐ.ടി. അനുബന്ധ ക്ലാസ്സ്, സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഡോക്കുമെന്റേഷന്‍, എല്‍.കെ. ക്യാംപുകളിലെ പങ്കാളിത്തം, പൂര്‍വ വിദ്യാര്‍ഥികളായ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളുടെ സേവനം, യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളില്‍ പി.ടി.എ.യുടെ പിന്തുണ, ഡിജി കേരള പോലെയുള്ള സാമൂഹ്യ പ്രസക്തിയള്ള മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് അവാര്‍ഡിനായി പരിഗണിച്ചത്.
എല്‍.കെ. ലീഡര്‍മാരായ സി.വി നന്ദകിഷോര്‍, വി. ദിയ ഫാത്തിമ, മെന്റര്‍മാരായ എം.ജിജേഷ്, എ.സുനിത, പ്രിന്‍സിപ്പല്‍ എസ്.പ്രതീഭ, പ്രധാനാധ്യാപകന് കെ.എ അബ്ദുമനാഫ്, പി.ടി.എ. പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
