മണ്ണാര്‍ക്കാട്:വേനല്‍ച്ചൂടില്‍ വെന്തുരുകിയ മലയോര മേഖലയ്ക്ക് ആശ്വാസമായി വേനല്‍മഴയെത്തി. കഴിഞ്ഞ കുറച്ചുനാളുകളായി തുടരുന്ന കഠിനമായ ചൂടിന് ഇതോടെ താത്കാലിക ശമനമായി. ഞായറാഴ്ച വൈകിട്ടോടെ മണ്ണാര്‍ക്കാട് നഗരം ഉള്‍പ്പെടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചു. കോട്ടോപ്പാടം പഞ്ചായത്തി ല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്ന മഴയില്‍ പാതയോരങ്ങളില്‍ വെള്ളം കുത്തിയൊ ലിച്ചൊഴുകി.
ചൂടിന്റെ കാഠിന്യത്തില്‍ ജലസ്രോതസുകളില്‍ ജലനിരപ്പ് താഴുകയും കൃഷിയിടങ്ങള്‍ ഉണക്ക് ഭീഷണിയിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മഴ പെയ്തത്.ഇത് മലയോര കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ആശ്വാസമായി. കഴിഞ്ഞ ഇടവപ്പാതിയിലും തുലാവര്‍ഷത്തിലും ജില്ലയില്‍ കാര്യമായ മഴ ലഭിച്ചിരുന്നില്ല. സാധാരണ ഇടമഴ ലഭിക്കേണ്ട ജനുവരി മാസവും മഴയില്ലാതെ കടന്നുപോയത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
അതേസമയം ഈ വര്‍ഷം ജനുവരി മുതല്‍ ഫെബ്രുവരി 22 വരെ ജില്ലയില്‍ മഴ 150 ശതമാനത്തോളം കൂടുതല്‍ ലഭിച്ചതായി ഭാരതീയ കാലാവസ്ഥാ വകു പ്പിന്റെ (ഐ. എം.ഡി) തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാലയളവില്‍ സാധാരണയായി 6.7 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ജില്ലയില്‍ ലഭിച്ചത് 17. 1 മില്ലീമീറ്റര്‍ മഴയാണ്.
ജാഗ്രതാ നിര്‍ദ്ദേശം
സംസ്ഥാനത്ത് ഞായറാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണി ക്കൂറില് 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലി ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
