മണ്ണാര്‍ക്കാട്: ഇടവിട്ടുള്ള മഴമൂലം ഡെങ്കിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കൊതുക്, കൂത്താടി നശീക രണത്തിനായുള്ള ഡ്രൈഡേ ആചരിക്കാന്‍ ആഴ്ചയിലൊരിക്കല്‍ കൃത്യമായി നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
ശുദ്ധജലം ശേഖരിച്ചു വയ്ക്കാവുന്ന സംഭരണികള്‍, പാത്രങ്ങള്‍, ടാങ്കുകള്‍, ചെടിച്ചട്ടി, ടയര്‍, ഫ്രിഡ്ജിന്റെ അടിയില്‍ കാണുന്ന ട്രേ, മുട്ടത്തോട്, കരിക്കിന് തോട്, ചിരട്ട തുടങ്ങി വെള്ളം കെട്ടിനില്ക്കാന് സാധ്യത ഉള്ള എല്ലാ വസ്തുക്കളും കൊതുകുകളുടെ ഉറവിടമാണ്. വെള്ളം കെട്ടിനില്ക്കാന് സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളിലും സാധനങ്ങളിലും കൊതുകു മുട്ടയിട്ടു പെരുകുന്നതിനുള്ള സാഹചര്യമുണ്ട്.
ഡെങ്കി പനി പകര്‍ത്തുന്ന ഈഡിസ് കൊതുകിനു മുട്ടയിടാന്‍ വളരെ കുറച്ചു വെള്ളം മതി. ജലം വാര്‍ന്നു പോയാലും ഈ മുട്ടകള്‍ക്കു വര്‍ഷങ്ങളോളം അതിജീവിക്കാനുള്ള ശേഷിയുണ്ട്. പിന്നീട് മഴവെള്ളത്തിലൂടെയോ, മറ്റേതെങ്കിലും സാഹചര്യത്തിലോ ജലം ലഭ്യമാകുമ്പോള്‍ ഈ മുട്ടകള്‍ വിരിഞ്ഞു കൂത്താടി പുറത്തു വരും. ഈഡിസ് കൊതുകുകള്‍ അതിന്റെ ജീവിത ചക്രത്തില്‍ അഞ്ചു തവണയില്‍ കൂടുതല്‍ മുട്ടയിടും, ഓരോ തവണയും നൂറു മുതല്‍ ഇരുനൂറു വരെ മുട്ട ഇടാം. ഡെങ്കി വൈറസ് വാഹകയായ കൊതുകു ഇടുന്ന എല്ലാ മുട്ടകളിലും അണുബാധ ഉണ്ടാവും.
ഉറവിട നശീകരണമാണ് ഡെങ്കിപനിയുടെ വ്യാപനം തടയുന്നതിനുള്ള പ്രധാന മാര്‍ഗം, പൊതു ജനങ്ങളുടെ ശ്രദ്ധയും സഹകരണവും ഉറപ്പാക്കി മാത്രമേ ഡെങ്കിപ്പനി നിയന്ത്രണമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
