മണ്ണാര്‍ക്കാട്:2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള ഇന്‍ഡി പെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് (കിഫ) കര്‍ഷകരുടെ അവകാശപത്രിക പുറത്തിറക്കി. വന്യമൃഗശല്യം തടയുക, കര്‍ഷകരുടെ ഭൂമിയവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവെച്ചിരിക്കുന്നത്. മലയോരകര്‍ഷക രുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടതുള്പ്പെടെയുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ അവകാശപത്രിക മുന്നണികള്‍ക്ക് നല്‍കുമെന്നും പ്രകടനപത്രികയില്‍ ഇതുള്പ്പെടു ത്തുന്നവരെ പിന്തുണയ്ക്കുമെന്നും കിഫ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വന്തം സുരക്ഷയ്ക്കായി വന്യജീവികളെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമല്ലെന്ന കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം, ഇത്തരം സംഭവങ്ങളില്‍ കേസെടുക്കില്ലെന്ന നയപരമായ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കണമെന്ന് പത്രികയില്‍ ആവശ്യപ്പെടുന്നു.വനം-റവന്യൂഭൂമി അതിര്‍ത്തികളില്‍ മരങ്ങളും കുറ്റിക്കാടുകളും 100 മീറ്റര്‍ വീതിയിലും കൂടാതെ വനാതിര്‍ത്തി റോഡുകളു ടെ ഇരുവശങ്ങളില്‍ 10 മീറ്റര്‍ വീതിയിലും മരങ്ങള്‍ നീക്കം ചെയ്യുക, വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക,വന്യമൃഗ ആക്രമണങ്ങളില്‍ ഇരയാകുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.
കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ റബ്ബറിന് 250, തേങ്ങയ്ക്ക് 70, നെല്ലിന് 35 രൂപ നിരക്കില്‍ താങ്ങുവില നടപ്പാക്കണം.പാട്ടകൃഷി നിയമവിധേയമാക്കുക, ഭൂപരിധി കാലോചിതമായി ഉയര്‍ത്തുക, തോട്ടംഭൂമികളില്‍ പുതിയ വികസന പദ്ധതികള്‍ തുടങ്ങുക, 1971-ലെ സ്വകാര്യ വനം നിയമപ്രകാരം പിടിച്ചെടുത്ത സ്ഥലങ്ങള്‍ റവന്യൂ വകുപ്പിന് കൈമാറി ഭൂരഹിതര്‍ക്ക് പതിച്ചുനല്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പത്രികയിലുണ്ട്.
പ്രകടനപത്രികയില്‍ ഈ ആവശ്യങ്ങള്‍ മുന്നണികള്‍ ഉള്‍പ്പെടുത്താത്ത പക്ഷം മറ്റു നിലപാടുകള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ചെയര്മാന് അഡ്വ. അലക്സ് ഒഴുകയില്‍, ജില്ലാ ഭാരവാഹികളായ സണ്ണി കിഴക്കേക്കര, സോണി പ്ലാത്തോട്ടം, ജോമി മാളിയേക്കല്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ അബ്ദുള്‍ സമദ്, പി. ഹംസ എന്നിവര്‍ പങ്കെടുത്തു.
