എടത്തനാട്ടുകര:എടത്താട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സഹപാഠി ക്ലബിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി തിരുവന ന്തപുരത്തേക്ക് നടത്തിയ പഠനയാത്ര ആവേശമായി.മാനസികോല്ലാസത്തിലൂടെ വിദ്യാര്‍ഥികളെ ആത്മവിശ്വാസമുള്ളവരാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര.
ട്രെയിന്യാത്രയോ, കടല്‍ത്തീരമോ ഇതുവരെ അനുഭവിക്കാത്തവരും, രക്ഷിതാക്കളെ പിരിഞ്ഞുതാമസിക്കാത്തവരുമായ 23 വിദ്യാര്‍ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. മേലാറ്റൂരില്‍ നിന്നും ട്രെയിന്‍മാര്‍ഗമാണ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്ക ളുമടങ്ങുന്ന 38അംഗ സംഘം തലസ്ഥാനത്തെത്തിയത്.പത്മനാഭ സ്വാമിക്ഷേത്രം, കുതി രമാളിക കൊട്ടാരം, കാഴ്ചബംഗ്ലാവ്, പ്ലാനിറ്റോറിയം, ലുലുമാള്‍, വേളി, കോവളം ബീച്ചു കള്‍ എന്നിവടങ്ങള്‍ സന്ദര്‍ശിച്ചു.സ്കൂളിലെ എസ്.പി.സി. യൂണിറ്റ് യാത്രാ സംഘത്തിന് പൊലിസ് ട്രെയിനിങ് ക്യാംപില്‍ താമസ സൗകര്യമൊരുക്കി.
പ്രവാസി കൂട്ടായ്മകളായ ജീവ, ഇവാക്, അധ്യാപകര്‍, രക്ഷാകര്‍തൃസമിതി അംഗങ്ങള്‍, പൂര്‍വ അധ്യാപകര്‍, എടത്തനാട്ടുകരയിലെ സുമനസ്സുകള്‍ എന്നിവരുടെ സാമ്പത്തിക പിന്തുണയോടെ സൗജന്യമായാണ് പഠനയാത്രനടത്തിയത്. സ്പെഷ്യല്‍ എജ്യുക്കേറ്ററും സഹപാഠി ക്ലബ് കണ്‍വീനറുമായ പി.ദിവ്യ, മറ്റുഅധ്യാപകരായ കെ.ടി സിദ്ദീഖ്, സി. ബഷീര്‍, കെ.ടി സക്കീന, ടി.കെ ജാസിര്‍, സി. സക്കീന, പി.ടി.എ, എസ്.എം.സി. ഭാരവാ ഹികളായ പി.സക്കീര്‍, മുബഷീറ, സമീറ വിദ്യാര്‍ഥികളായ പി.ആദില്‍ ഹാമിദ്, വിപി മുഹമ്മദ് ഷിഫാന് എന്നിവര്‍ നേതൃത്വം നല്കി.
