നെന്മാറ: നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ നടക്കുന്ന ‘നാച്ചുറ 26’ അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റില്‍ വര്ണ്ണവൈവിധ്യങ്ങളുമായി ഓര്‍ക്കിഡ് ശേഖരം ശ്രദ്ധേയമാകുന്നു. എണ്ണായിരത്തോളം വിവിധ ഓര്‍ക്കിഡ് ചെടികളാണ് ഫാമില്‍ പ്രദര്‍ശനത്തിനും വില്പ്പനയ്ക്കുമായി ഒരുക്കിയിരിക്കുന്നത്. ഏകദേശം 45-ഓളം വ്യത്യസ്ത ഇനങ്ങളാണ് പുഷ്പമേളയുടെ പ്രധാന ആകര്‍ഷണം.
നൃത്തം ചെയ്യുന്ന രൂപത്തോട് സാമ്യമുള്ള ‘ഡാന്‍സിങ് ഗേള്‍’ ഓര്‍ക്കിഡുകള്‍, മണ്ണില്‍ വളരുന്ന ഗ്രൗണ്ട് ഓര്‍ക്കിഡുകള്‍, മനോഹരമായ പൂക്കളാല്‍ സമ്പന്നമായ ഫെലനോപ്സിസ് എന്നിവ കാണികളുടെ പ്രത്യേക ശ്രദ്ധ നേടുന്നുണ്ട്. മണ്ണില്ലാതെ വായുവില്‍ നിന്ന് ഈര്‍പ്പവും പോഷണവും വലിച്ചെടുത്ത് വളരുന്ന അപൂര്‍വ ഇനം എയര്‍ പ്ലാന്റുകളും, താഴേക്ക് തൂങ്ങിക്കിടക്കുന്ന സ്പാനിഷ് മോസും മേളയിലെ കൗതുകകരമായ കാഴ്ചകളാണ്.
ഓര്‍ക്കിഡുകള്‍ക്ക് പുറമെ സസ്യപ്രേമികളെ ആകര്‍ഷിക്കുന്ന വിപുലമായ അലങ്കാരച്ചെടികളും ഇവിടെയുണ്ട്. ബ്രിട്ടീഷ് ഐവി, ആഫ്രിക്കന്‍ വയലറ്റ്, ഹവ്വാത്തിയ, ഡിസ്റ്റീഡിയ, നക്ഷത്ര പ്ലാന്റ്, പെന്‍സില്‍ പ്ലാന്റ്, ബ്രൗണ്‍ ലീഫ് എന്നിവ ഇതില്‍ ചിലതാണ്. വീടിനുള്ളില്‍ വെക്കാന്‍ അനുയോജ്യമായ ടേബിള്‍ പ്ലാന്റുകള്‍, വൈവിധ്യമാര്‍ന്ന ക്യാറ്റസുകള്, ഡിസംബര്‍ മാസത്തില്‍ മാത്രം പൂവിടുന്ന ഡിസംബര്‍ ക്യാറ്റസ്, ജിന്‍ജര്‍ പ്ലാന്റ്, സെന്ഡ്രോസിയം തുടങ്ങിയവയുടെ വലിയ ശേഖരം തന്നെ മേളയിലുണ്ട്.
