പാലക്കാട്:ബഹിരാകാശ ഗവേഷണ മാതൃകയില്‍ റോവറുകള്‍ നിര്‍മിക്കാനും അവ വിദൂരത്തിരുന്ന് നിയന്ത്രിക്കാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്ന ലിറ്റില്‍ കൈറ്റ്സ് ജില്ലാതല ദ്വിദിന് ക്യാംപ് ശനിയാഴ്ച ലക്കിടി ജവഹര്‍ലാല്‍ കോളജ് ഓഫ് എഞ്ചിനീയ റിങ് ആന്‍ഡ് ടെക്നോളജിയില്‍ നടക്കും.രാവിലെ പത്തിന് കൈറ്റ് സി.ഇ.ഒ. കെ അന്‍വര്‍ സാദത്ത് കുട്ടികളുമായി സംവദിക്കും. തുടര്‍ന്ന് ജില്ലയിലെ സ്കൂളുകള്‍ക്കുള്ള അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) സംഘടിപ്പിക്കുന്ന ക്യാംപില്‍ സബ്തലത്തില് നിന്നും തിരഞ്ഞെടുക്കപ്പെട്ട 96 കുട്ടികള്‍ പങ്കെടുക്കും.ഇവര്‍ക്ക് ആധുനിക കംപ്യൂട്ടിങ് സങ്കേതങ്ങളില്‍ മികച്ച പരിശീലനം നല്‍കുകയാണ് ലക്ഷ്യം.ഭൂമിയിലിരുന്ന് ചൊവ്വയിലെ റോവറുകളെ നിയന്ത്രിക്കുന്ന അതേ സാങ്കേതികവിദ്യയുടെ മാതൃകയില്‍, വിദൂരത്തിരുന്ന് നിയന്ത്രിക്കാവുന്ന റോവറുകള്‍ കുട്ടികള്‍ ക്യാംപില്‍ നിര്‍മിക്കും.ഐ.ഒ.ടി ഉപകരണങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന എം.ക്യു.ടി.ടി പ്രോട്ടോകോള്‍ ഉപയോഗിച്ചാണ് ഈ റോവറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.മനുഷ്യര്‍ക്ക് നേരിട്ട് എത്താന്‍ ബുദ്ധിമുട്ടുള്ള ഖനികള്‍, മാന്‍ഹോളുകള്‍ തുടങ്ങിയ ഇടങ്ങളിലെ പരിശോധനകള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരം സാങ്കേതികവിദ്യകള്‍ ഉപകരിക്കും.
കൈറ്റ് സ്കൂളുകള്‍ക്കായി പുതുതായി വിതരണം ചെയ്യുന്ന ഇ.എസ്.പി 32 മൈക്രോ കണ്ട്രോളര് ഉള്‍പ്പെട്ട അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകളാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.മൊബൈല്‍ ആപ്പ് നിര്‍മാണം, സ്മാര്‍ട്ട് എല്‍.ഇ.ഡി, സ്മാര്‍ട്ട് റോവര്‍ ഡിവൈസ് എന്നിവ തയ്യാറാക്കുന്ന രീതിയും കൂടാതെ ത്രിമാന അനിമേഷന്‍ നിര്‍മാണത്തിലും കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം ലഭിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി ‘ബ്ലെന്‍ഡര്‍’ എന്ന സ്വതന്ത്ര സോഫ്റ്റ്വെയര് ഉപയോഗിച്ച് ഒരു ഉല്‍പ്പന്നത്തിന്റെ പ്രചാരണത്തിനായുള്ള പ്രൊമോ വീഡിയോ കുട്ടികള്‍ തയ്യാറാക്കും.അനിമേഷന്‍ നിര്‍മാണത്തിലെ വിവിധ ഘട്ടങ്ങളായ മോഡലിങ്, ലൈറ്റിങ്, സൗണ്ട് മിക്സിങ് തുടങ്ങിയവയും കുട്ടികള്‍ വിശദമായി പരിചയപ്പെടും.