കോങ്ങാട്: കോങ്ങാട് പന്നിക്കോടില്‍ ആളൊഴിഞ്ഞ വീടിന്റെ സെപ്റ്റിക് ടാങ്കില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പടി വീട്ടില്‍ സുനിത്ത് രാജ് (50) ആണ് മരിച്ചത്.ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്നുള്ള തിരച്ചിലിലാണ് സെപ്റ്റിക് ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തടിക്കച്ചവടം നടത്തുന്ന സുനിത്തിന് ആടുവളര്‍ത്തല്‍ ഉണ്ട്. ആടുകള്‍ക്ക് തീറ്റകണ്ടെ ത്താനുള്ള ശ്രമത്തിനിടെയാണ് അപകടമെന്ന് കരുതുന്നതായി പൊലിസ് പറഞ്ഞു. ഞായറാഴ്ച രാത്രി വീട്ടിലെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇന്നലെ രാവിലെ ഹൈസ്കൂളിന് സമീപത്തെ പള്ളിക്കടുത്തുള്ള വീടിനു മുന്നില്‍ സുനിത്തിന്റെ ബൈക്ക് കണ്ടെത്തി. മൊബൈല്‍ ടവര്‍ പരിശോധനയില്‍ ഇതോടു ചേര്‍ന്നുള്ള വളപ്പില്‍ നിന്ന് സിഗ്നല്‍ ലഭിച്ചു.
കാലപ്പഴക്കത്തില്‍ ദ്രവിച്ച സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് കരിങ്കല്ല് പടവുള്ള കുഴിയില്‍ വീണതാകാമെന്നു കരുതുന്നു. സ്ലാബ് ദേഹത്തുപതിച്ചിട്ടുണ്ട്. ഇതിന് തൊട്ടടുത്ത് പ്ലാവ് ഉണ്ട്. ഇതില്‍ നിന്ന് ആടിനുതീറ്റ കണ്ടെത്താനാകും എത്തിയതെ ന്നാണ് നിഗമനം.അമ്മ: കുഞ്ഞിലക്ഷ്മി അമ്മ. ഭാര്യ:പ്രസീത. മകള്‍: ആര്യ. സഹോദരന്: സുനില്‍.