കാരാകുര്‍ശ്ശി: കാര്‍ഷികഗ്രാമമായ കാരാകുര്‍ശ്ശി പഞ്ചായത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും കാട്ടുപന്നികള്‍ ഭീഷണിയാകുന്ന സാഹചര്യത്തില്‍ അവയെ അമര്‍ച്ച ചെയ്യുന്ന നടപടികള്‍ക്ക് ഗ്രാമപഞ്ചായത്ത് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി മലപ്പുറം റൈഫില്‍ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തി 13 പന്നികളെ വെടിവെച്ചുകൊന്നു.
പുല്ലിശ്ശേരി, പള്ളിക്കുറുപ്പ്, കിളിരാനി എന്നിവടങ്ങളില്‍ കഴിഞ്ഞദിവസമാണ് ദൗത്യം നടന്നത്. ഇതിനുള്ള നിയമപരമായ നടപടികളെല്ലാം രണ്ടാഴ്ചമുന്‍പേ പഞ്ചായത്ത് പൂര്‍ത്തിയാക്കിയിരുന്നു.
പഞ്ചായത്തിന്റെ മിക്കപ്രദേശങ്ങളിലും കാട്ടുപന്നിശല്യമുണ്ട്. പന്നികള്‍ കുറുകെ ചാടിയും മറ്റും നിരവധി അപകടങ്ങളുമുണ്ടായിട്ടുണ്ട്. കാട്ടുപന്നിശല്യത്തിന് പരി ഹാരം കാണണമെന്ന ആവശ്യം നാളുകളായി നിലനില്‍ക്കുന്നുണ്ട്. പുതിയ ഭരണ സമിതിയുടെ ആദ്യയോഗത്തില്‍ തന്നെ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിന് നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതുപ്രകാരമാണ് കഴിഞ്ഞദിവസം ദൗത്യം നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത്, കാസിം കൊലാനി, എം.പി രാജേഷ്, കെ.അലി, രഘു, പി.പി ഷെഫീഖ് എന്നിവരും സന്നിഹിതരായി.
