മണ്ണാര്‍ക്കാട്:വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള ദേശീയ എക്സലന്റ് എജ്യുക്കേറ്റര്‍ പുരസ്കാരം നെല്ലിപ്പുഴ ഡി.എച്ച്.എസ്. സ്കൂള്‍ അധ്യാപകന് കെ.എച്ച് ഫഹദിന് ലഭിച്ചു.പ്രമുഖ ശാസ്ത്രജ്ഞനും കോയമ്പത്തൂര്‍ എ.ജെ.കെ. കോളജ് സ്ഥാപകനുമായി രുന്ന ഡോ.ആര്.എസ് ലാല്‍മോഹന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് ഫഹദിന് ലഭിച്ചത്. കോളജില്‍ നടന്ന ചടങ്ങില്‍ ഐ.എസ്.ആര്.ഒ. ചെയര്മാന് ഡോ.വി. നാരായണനില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
വിദ്യാഭ്യാസരംഗത്ത് പഠനസഹായി അവതരണങ്ങളും വിദ്യാര്‍ഥി കേന്ദ്രീകൃത പഠന പ്രവര്‍ത്തനങ്ങളും മുഖേന പുതുമയുള്ള ഇടപെടലുകള്‍ നടത്തുന്നതില്‍ ശ്രദ്ധേയനാണ് ഫഹദ്.ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം ക്ലസ്റ്റര്‍ കണ്‍വീനര്‍, എന്‍. എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ എന്നീ നിലകളില്‍ മികച്ചപ്രവര്‍ത്തനം കാഴ്ചവെച്ചി ട്ടുണ്ട്.
വൈ.ഐ.പി. സ്കൂള്‍ കോര്‍ഡിനേറ്റര്‍, കരിയര്‍ ഗൈഡ്, ഇന്നവേറ്റീവ് ഐഡിയ റിസോഴ്സ്പേഴ്സണ്‍, പരിശീലകന്,സന്നദ്ധപ്രവര്ത്തകന് എന്നനിലകളിലെല്ലാം സജീവമാണ്.കേരള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് ജില്ലാ സെക്രട്ടറി കൂടിയാണ് കെ.എച്ച് ഫഹദ്.
