പുലിയെ ഉള്‍വനത്തില്‍ തുറന്നുവിടും
തച്ചമ്പാറ:മലയേര ജനതയെ ഭീതിയിലാഴ്ത്തിയ മറ്റൊരു പുലി കൂടി വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി.തച്ചമ്പാറ പഞ്ചായത്തിലെ മാച്ചാംതോട് ചെന്തണ്ടില്‍ സ്ഥാപിച്ച കൂട്ടില്‍ അഞ്ചുവയസ്സുള്ള ആണ്‍പുലിയാണ് അകപ്പെട്ടത്.ശനിയാഴ്ച രാവിലെ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് കൂട്ടില്‍ പുലിയെ കണ്ടത്.വിവരം നാട്ടുകാരേയും വനംവകുപ്പ് അധികൃതരേയും അറിയിച്ചു.പുലി കൂട്ടിലായതറിഞ്ഞ് അനവധി ആളുകള്‍ സ്ഥലത്തെക്കേത്തി.
മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ഇ.ഇമ്രോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തിലെത്തിയ വനപാലക സംഘം പുലിയെ സ്ഥലത്ത് നിന്നും മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.പുലിയെ കൂടുസഹിതം വാഹനത്തില്‍ കയറ്റി മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് ഓഫിസിലേക്കാണ് എത്തിച്ചത്.ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പുലിയ്ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ചു.പ്രത്യേകനിരീക്ഷണത്തിന് ശേഷം പുലിയെ ഉള്‍വനത്തില്‍ തുറുന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം.
കഴിഞ്ഞദിവസം ചെന്തണ്ട് ഈറ്റത്തോട്ടില്‍ റെജി സെബാസ്റ്റിയന്റെ എട്ടുമാസം പ്രായമായ കാളക്കുട്ടിയെ വന്യമൃഗം കൊന്നുതിന്നിരുന്നു.ഇതേ തുടര്‍ന്നാണ് നാട്ടുകാരുടെ ആവശ്യപ്രകാരം സ്വകാര്യവ്യക്തിയുടെ റബര്‍തോട്ടത്തില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചത്.അതേസമയം പ്രദേശത്തെ ഭീതിയിലാക്കിയ പുലി കൂട്ടിലായതിന്റെ താല്‍ക്കാലിക ആശ്വാസത്തിലാണ് ചെന്തണ്ട് നിവാസികള്‍.
തച്ചമ്പാറ പഞ്ചായത്തിലെ മലയോരമേഖലയില്‍ നിന്നും ഒരുമാസത്തിനിടെ രണ്ടാമത്തെ പുലിയാണ് വനംവകുപ്പിന്റെ പിടിയിലായത്.കഴിഞ്ഞമാസം വാക്കോടന്‍ ഭാഗത്ത് സ്ഥാപിച്ചിരുന്ന കൂട്ടില്‍ നാലുവയസ് മതിക്കുന്ന പെണ്‍പുലി കുടുങ്ങിയിരുന്നു.ഇതിനെ ശിരുവാണി കേരളാമേട് ഭാഗത്തെ ഉള്‍വനത്തിലാണ് വനംവകുപ്പ് തുറന്നുവിട്ടത്.വാക്കോടന്‍ മലയുടെ മറ്റൊരുവശമായ ചെന്തണ്ട് ഭാഗത്ത് പലസ്ഥലങ്ങളില്‍ പുലിയെ കണ്ടിട്ടുള്ളതായി പ്രദേശവാസികള്‍ പറയുന്നു.കൂടുതല്‍ പുലികള്‍ പ്രദേശത്ത് വിഹരിക്കുന്നതായാണ് ഇവര്‍ പറയുന്നത്. ഈസാഹചര്യത്തില്‍ പ്രദേശത്ത് ജാഗ്രത തുടരുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, കെ.എഫ്.ഡി.സി. ചെയര്‍പേഴ്സണ്‍ റസാഖ് മൗലവി, വാര്‍ഡ് മെമ്പര്‍ പ്രകാശ് തോമസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
