പാലക്കാട്:തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ മെന്‍സ്ട്രുവല്‍ കപ്പ് വിതരണവും നാപ്കിന് സംസ്കരണത്തിനുള്ള ഇന്‍സിനറേറ്ററും സ്ഥാപിക്കുന്ന പ്രത്യേക ബജറ്റ് പദ്ധതികള്‍ക്ക് ജില്ലയിലും തുടക്കമായി.പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നത്.സാനിറ്ററി മാലിന്യങ്ങള്‍ ശാസ്ത്രീയ മായി സംസ്കരിക്കുന്നതിന് ജില്ലയിലെ 25 വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നതിനായി തിരഞ്ഞെടുത്തു. മെന്‍സ്ട്രുവല്‍ കപ്പ് വിതരണത്തിനായി 10 ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍, 17 കോളജുകള്‍, നെറ്റ് സീറോ കാര്‍ബണ്‍ കേരളം കാംപെയിന് ഏറ്റെടുത്ത ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ അയക്കൂട്ടങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്.ഇതിന്റെ ഭാഗമായി ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്ന സ്ഥാപനങ്ങളിലും, മെന്‍സ്ട്രുവല്‍ കപ്പ് നല്കുന്ന സ്ഥാപനങ്ങളിലും അയല്‍ക്കൂട്ടങ്ങളിലും ആര്‍ത്തവ ശുചിത്വവും ആര്‍ത്തവ ശുചിത്വ ഉത്പന്നങ്ങളുടെ ഉപയോഗവും സംബന്ധിച്ച ക്ലാസുകള്‍ ഫെബ്രുവരി 10 നകം സംഘടിപ്പിക്കും.
