സൂക്ഷ്മജലസേചനത്തിലൂടെ കാര്‍ഷിക വിപ്ലവത്തിനൊരുങ്ങി കേരളം
മണ്ണാര്‍ക്കാട്:മാറുന്ന കാലാവസ്ഥയും അപ്രതീക്ഷിതമായ വരള്‍ച്ചയും കേരളത്തിലെ കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുമ്പോള്‍, ജലസംരക്ഷണത്തിലൂടെ കാര്‍ഷിക മേഖലയെ സുരക്ഷിതമാക്കാന്‍ 100 കോടിയുടെ പദ്ധതിയുമായി കൃഷിവകുപ്പ്. ‘പെര് ഡ്രോപ്പ് മോര് ക്രോപ്പ്’ അഥവാ ഓരോ തുള്ളി ജലത്തില്‍ നിന്നും കൂടുതല്‍ വിളവ് എന്ന ലക്ഷ്യത്തോ ടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സൂക്ഷ്മജലസേചന പദ്ധതി കര്‍ഷകര്‍ക്ക് പുതുപ്രതീക്ഷയേകുകയാണ്.
ലാഭിക്കാം വെള്ളം, കുറയ്ക്കാം വളച്ചെലവ്
അപ്രതീക്ഷിതമായ അതിശക്തമായ മഴയും നീണ്ടുനില്‍ക്കുന്ന വരള്‍ച്ചയും കേരളത്തി ന്റെ കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ പ്രകൃതിവിഭവങ്ങള്‍ കരുതലോടെ ഉപയോഗിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് സൂക്ഷ്മജലസേചനം പ്രോത്സാഹിപ്പിക്കുന്നത്.ചെടിയുടെ വേരുപടലത്തിലേക്ക് ആവശ്യമായ അളവില്‍ മാത്രം വെള്ളം എത്തിക്കുന്ന ഡ്രിപ്പ്,സ്പ്രിംഗ്ലര്‍ രീതികള്‍ ഇതിലൂടെ വ്യാപകമാക്കും.ഈ രീതിയിലൂടെ പരമ്പരാഗത രീതികളെ അപേക്ഷിച്ച് 40 മുതല്‍ 70 ശതമാനം വരെ വെള്ളം ലാഭിക്കാം.വെള്ളത്തോടൊപ്പം വളം ചേര്‍ത്ത് നല്‍കുന്നതിലൂടെ വളത്തിന്റെ ഉപയോഗക്ഷമത 80 ശതമാനം വരെ വര്‍ധിപ്പിക്കാനും വളച്ചെലവ് കുറയ്ക്കാനും സാധിക്കും.തെങ്ങ്, കമുക്, വാഴ, മാവ്, കുരുമുളക്, ഏലം, പച്ചക്കറികള്‍ എന്നിവയ്ക്കും,അടുത്തടുത്ത് കൃഷി ചെയ്യുന്ന നെല്ല്, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്കും ഈ സംവിധാനം മികച്ചതാണ്.
ജലസേചനം ഫോണിലൂടെയും
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മൊബൈല്‍ ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ദൂരെയിരുന്ന് ജലസേചനം നിയന്ത്രിക്കാനുള്ള ഓട്ടോമേഷന്‍ സംവിധാനവും പദ്ധതിയുടെ ഭാഗമാണ്. ഓട്ടോമേഷന്‍ സംവിധാനം സ്ഥാപിക്കുന്നതിന് ഹെക്ടറിന് 40,000 രൂപ വരെ ധനസഹായം ലഭിക്കും.കര്‍ഷകര്‍ക്ക് അഞ്ച് ഹെക്ടര്‍ വരെ യുള്ള ഭൂമിക്ക് സബ്സിഡി ആനുകൂല്യം ലഭ്യമാണ്. ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് സിസ്റ്റം ചെലവിന്റെ 55 ശതമാനം സബ്സിഡിയും മറ്റ് കര്‍ഷകര്‍ക്ക് 45 ശതമാനം സബ്സി ഡിയും ലഭിക്കും. തെങ്ങ് കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 30 ശതമാനം അധിക സബ്സി ഡി കൂടി നല്കുന്നു.മഴവെള്ള സംഭരണികള്‍ (90,000 രൂപ വരെ), പമ്പ് സെറ്റുകള്‍ (15,000 50,000 രൂപ വരെ),ബോര്‍വെല്‍ പുനരുജ്ജീവിപ്പിക്കല്‍ എന്നിവയ്ക്കും ധനസഹായം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
കര്‍ഷകര്‍ക്ക് വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായും അപേക്ഷകള്‍ സമര്‍പ്പിക്കാം. ആധാര്‍ കാര്‍ഡ്, ഭൂനികുതി രസീത്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ സഹിതം അപേക്ഷ കൃഷിഭവനിലോ കാര്‍ഷിക എന്‍ജിനിയറിങ് ഓഫിസിലോ നല്‍കണം .കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-2512 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടണം.
