മണ്ണാര്‍ക്കാട്:കുഷ്ഠരോഗം സമൂഹത്തില്‍ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അശ്വമേധം കാം പെയിന്റെ ഏഴാം ഘട്ടം ജനുവരി ഏഴിന് തുടങ്ങും.20 വരെ രണ്ടാഴ്ചക്കാലം നീണ്ടുനില് ക്കുന്ന രോഗനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കും. സമൂഹത്തില്‍ അറിയപ്പെടാതെ പോകുന്ന കുഷ്ഠരോഗികളെ നേരിട്ടുള്ള ഭവന സന്ദര്‍ശനത്തിലൂടെ കണ്ടെത്തി അവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.കേരളത്തില്‍ നിലവില്‍ പതിനായിരത്തില്‍ 0.11 എന്ന നിരക്കില്‍ കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.പാലക്കാട് ജില്ലയില്‍ മാത്രം നിലവില്‍ 111 പേര് ചികിത്സ യിലുണ്ട്. ഇതില്‍ 21 പേര് ഗ്രേഡ് 2 വൈകല്യം ഉള്ളവരാണ്.ജില്ലയില്‍ നാല് കുട്ടികളും ഈ രോഗത്തിന് ചികിത്സയിലുണ്ട്. കുട്ടികളില്‍ രോഗം കണ്ടെത്തുന്നത് മുതിര്‍ന്നവ രില്‍ രോഗം മറഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനയായതിനാലാണ് ആരോഗ്യവകുപ്പ് ഇത്തരമൊരു പരിശോധനയുമായി മുന്നിട്ടിറങ്ങുന്നത്.പരിശീലനം ലഭിച്ച ഒരു ആശാപ്രവര്‍ത്തകയും ഒരു പുരുഷ വളണ്ടിയറും അടങ്ങുന്ന സംഘമാണ് വീടുകളില്‍ പരിശോധനയ്ക്കായി എത്തുന്നത്.ഓരോ വീടുകളിലും ആരോഗ്യ പ്രവര്‍ത്തകരും വളണ്ടിയര്‍മാരും എത്തുമ്പോള്‍ എല്ലാ ജനങ്ങളും ഈ പദ്ധതിയുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു. തുടക്കത്തിലേ രോഗം തിരിച്ചറിഞ്ഞ് ചികിത്സ തേടിയാല്‍ വൈകല്യങ്ങളില്ലാത്ത ഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
രോഗപ്പകര്‍ച്ചയും ലക്ഷണങ്ങളും
വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ രോഗബാധിതര്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ മൈക്കോബാക്ടീരിയം എന്ന അണുക്കള്‍ മറ്റുള്ളവരിലേക്ക് എത്തിയേക്കാം.എന്നാല്‍ ചികിത്സ ആരംഭിച്ച ഒരു രോഗിയില്‍ നിന്നും രോഗം പകരില്ല.
ശരീരത്തില്‍ അണുക്കള്‍ പ്രവേശിച്ചാല്‍ ലക്ഷണങ്ങള്‍ പുറത്തുവരാന്‍ മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ സമയമെടുത്തേക്കാം.അതിനാല്‍ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ ആരംഭിച്ചാല്‍ കുഷ്ഠരോഗം മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ പൂര്‍ണ്ണമായും തടയാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് ഒഴിവാക്കാനും സാധിക്കും.
തൊലിപ്പുറത്ത് കാണുന്ന നിറവ്യത്യാസങ്ങളാണ് കുഷ്ഠരോഗത്തിന്റെ പ്രധാന പ്രാരംഭ ലക്ഷണം.ശരീരത്തില്‍ ചുണങ്ങ് പോലെ കാണപ്പെടുന്നതോ, നിറം മങ്ങിയതോ, ചുവന്നതോ, ചെമ്പ് നിറത്തിലുള്ളതോ ആയ പാടുകള്‍ ശ്രദ്ധിക്കണം. ഇത്തരം പാടുകളില്‍ സ്പര്‍ശനശേഷി കുറവായിരിക്കും എന്നതും ചൂട്, തണുപ്പ്, വേദന എന്നിവ അറിയാന്‍ സാധിക്കില്ല എന്നതും രോഗലക്ഷണമായി കണക്കാക്കാം.രോഗം നാഡികളെ ബാധിക്കുന്നതോടെ നാഡികള്‍ തടിക്കുകയും കൈകാലുകളില്‍ തരിപ്പ്, ബലക്കുറവ്, വേദന, മാറാത്ത വ്രണങ്ങള്‍ എന്നിവ ഉണ്ടാവുകയും ചെയ്യും.
മുഖത്തോ ശരീരത്തിലോ തടിപ്പുകള്‍ കാണപ്പെടാം.ചിലരില്‍ ഇത് കണ്ണിനെയും ബാധിക്കാറുണ്ട്. സംശയമുള്ള സാഹചര്യത്തില്‍ തൊലിപ്പുറത്തെ സംവേദനക്ഷമത പരിശോധിച്ചും തുടര്‍ന്ന് ബയോപ്സി പരിശോധനയിലൂടെയും രോഗം സ്ഥിരീകരിക്കാന്‍ സാധിക്കും.
രോഗത്തിന്റെ തീവ്രതയനുസരിച്ച് ആറുമാസം മുതല്‍ പന്ത്രണ്ട് മാസം വരെ നീണ്ടുനില്‍ക്കുന്ന വിവിധ ഔഷധ ചികിത്സയിലൂടെ കുഷ്ഠരോഗം പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയും. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഇതിനായുള്ള മരുന്നുകള്‍ തികച്ചും സൗജന്യമായി ലഭ്യമാണ്.
