മണ്ണാര്‍ക്കാട്: പുതിയ അധ്യയനവര്‍ഷത്തിന് മുന്നോടിയായി താലൂക്കിലെ സ്കൂള്‍ ബസുകളുടെ ഫിറ്റ്നസ് പരിശോധന തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നു.മണ്ണാര്‍ക്കാട് സബ് റീജ്യണല്‍ ട്രാന്‍സ് പോര്‍ട്ട് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത സ്കൂള്‍ ബസുകളാണ് പരിശോധിക്കുക. ജൂണ്‍ മുതല്‍ നിര ത്തുകളില്‍ കര്‍ശന പരിശോധനയുണ്ടാകുമെന്നും ‘ചെക്ക്ഡ് ഒ.കെ’ സ്റ്റിക്കര്‍ പതിച്ച സ്കൂള്‍ ബസുകളെ മാത്രമേ സര്‍വീസ് അനുവദിക്കൂവെന്നും ജോയിന്റ് ആര്.ടി.ഒ. എന്‍.എ മോറിസ് അറിയിച്ചു.
മെയ് 18 മുതല്‍ 22 വരെ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണിവരെ തത്തേങ്ങലം ഫിറ്റ്നസ് ടെസ്റ്റ് ഗ്രൗണ്ടില്‍ വെച്ചാണ് സ്കൂള്‍ ബസുകളുടെ പരിശോധന നടക്കുക. താലൂക്കിലെ മുഴുവന്‍ സ്കൂള്‍ ബസുകളും പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമേ സര്‍വീസ് നടത്താന്‍ അനുവദിക്കുക യുള്ളൂ. ജി.പി.എസ്. ഘടിപ്പിച്ച് വിദ്യാവാഹന്‍ ആപ്പിലെ രജിസ്ട്രേഷന് പൂര്‍ത്തീകരിച്ചുവേണം വാഹനത്തിന്റെ അസ്സല് രേഖകള്‍ സഹിതം പരിശോധനക്ക് എത്തേണ്ടത്. വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമത, അറ്റകുറ്റപണി, വേഗപ്പൂട്ട്, പ്രഥമ ശുശ്രൂഷ കിറ്റ്, അഗ്നിശമന ഉപാധി, സ്കൂളി ന്റെ പേര്, ഫോണ്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കല്‍ എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും.
പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയ സ്കൂള്‍ ബസുകളിലെ ഡ്രൈവര്‍മാര്‍ക്കായി മെയ് 23-ന് രാവിലെ ഒന്‍പത് മണിക്ക് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ റോഡ് സുരക്ഷാപരിശീലനവും നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
