ചലിക്കുന്ന റോബോട്ടുകള്‍ മുതല്‍ സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി സ്കൂളുകളില്‍
മണ്ണാര്‍ക്കാട്: സ്കൂളുകളില്‍ റോബോട്ടിക്സ് പഠനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷ ന്) 5,000 അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. എല്ലാ ഹൈ സ്കൂളുകളിലെയും ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളില്‍ ഈ കിറ്റുകള്‍ വിതരണം ചെയ്യാ നാണ് ഉദ്ദേശിക്കുന്നത്. ആര്‍ഡിനോ യൂനോ 3 ഉള്‍പ്പെടെ 15 ഓളം ഘടകങ്ങള്‍ അടങ്ങുന്ന 29000 റോബോട്ടിക് കിറ്റുകള്‍ നേരത്തെ സ്കൂളുകള്‍ക്ക് കൈറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഈ അധ്യയനവര്‍ഷം മുതല്‍ നാല് ലക്ഷത്തിലധികം പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്നവിധം റോബോട്ടിക്സ് പഠനം ഇപ്പോള്‍ ഐസിടി പാഠ്യ പദ്ധതിയുടെ ഭാഗമായി മാറിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഐ.ഒ.ടി ഉപകരണങ്ങള്‍ ഉള്‍പ്പെടെ തയ്യാറാക്കാന്‍ സഹായിക്കുന്ന പുതിയ അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍.
പുതിയ കിറ്റില്‍ ഐ.ഒ.ടി. സംവിധാനം ഒരുക്കുന്നതിനുള്ള വൈഫൈ, ബ്ലൂടൂത്ത് കണ ക്ടിവിറ്റി തുടങ്ങിയ സൗകര്യങ്ങളുള്ള ഇ എസ് പി 32 അധിഷ്ഠിതമായ ഡെവലപ്മെന്റ് ബോര്‍ഡാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അള്‍ട്രാസോണിക് ഡിസ്റ്റന്‍സ്, സോയില്‍ മോയിസ്ചര്‍, പി.ഐ.ആര്. മോഷന്‍, ലൈന്‍ ട്രാക്കിംഗ് സെന്‍സറുകള്‍ ഉള്‍പ്പെടെയുള്ള സെന്‍സറുകളുടെ ഒരു നിരയും കിറ്റില്‍ ലഭ്യമാണ്. കൂടാതെ, ഒരു 4ഡബ്ല്യുഡി സ്മാര്‍ട്ട് കാര്‍ ഷാസി കിറ്റ്, ഒരു സബ്മെഴ്സിബിള്‍ മിനി വാട്ടര്‍ പമ്പ്, ഒരു റീച്ചാര്‍ജ് ചെയ്യാവുന്ന ലിഥിയം-അയണ്‍ ബാറ്ററി പാക്ക് എന്നിവയും അഡ്വാന്‍സ്ഡ് കിറ്റിന്റെ ഭാഗമാകും. വൈ വിധ്യമാര്‍ന്ന മോഡലുകള്‍ നിര്‍മ്മിക്കാന്‍ ഇത് കുട്ടികളെ സഹായിക്കും.
പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകള്‍, ചെടികള്‍ക്ക് ഓട്ടോമാറ്റിക്കായി വെള്ളം ഒഴിക്കാനുള്ള സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സുരക്ഷാ സംവി ധാനങ്ങള്‍, കാഴ്ച പരിമിതര്‍ക്ക് നടക്കാന്‍ സഹായിക്കുന്ന ഉപകരണം, വായു ഗുണനില വാര പരിശോധനാ സൗകര്യം, സ്മാര്‍ട്ട് എനര്‍ജി സേവിങ് ഡിവൈസ്, സ്മാര്‍ട്ട് വെതര്‍ സ്റ്റേഷനുകള്‍ തുടങ്ങിയ സങ്കീര്‍ണ്ണമായ പ്രോജക്റ്റുകള്‍ നിര്‍മിക്കാന്‍ അഡ്വാന്‍സ്ഡ് കിറ്റുകള്‍ വിദ്യാര്‍ത്ഥികളെ സഹായിക്കും. വിവിധ പ്രോജക്ടുകള്‍ തയ്യാറാക്കുന്നതോ ടൊപ്പം ഇലക്ട്രോണിക് സര്‍ക്യൂട്ടുകളെക്കുറിച്ച് പഠിക്കാനും അവയിലെ പ്രശ്നങ്ങള്‍ കണ്ടെത്താനും, ബ്ലോക്ക് കോഡിങ്, പൈത്തണ്‍, സി മുതലായവ ഉപയോഗിച്ച് ഇവയില്‍ പ്രോഗ്രാമിങ് ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും.
കേരള സര്‍ക്കാരിന്റെ ഇ-ടെന്‍ഡര്‍ പോര്‍ട്ടലായ www.etenders.kerala.gov.in വഴി ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 25 ആണ്. ഡിസംബറോടെ പുതിയ കിറ്റുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലിറ്റില്‍ കൈറ്റ്സ് കരിക്കുലം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. ഇതിനായി പ്രത്യേക മൊഡ്യൂള്‍ തയ്യാറാക്കി കൈറ്റ് പരിശീലനം നല്‍കും.
