തിരുവനന്തപുരം: വൈ.ഐ.പി-ശാസ്ത്രപഥം എട്ടാം പതിപ്പില്‍ വിദ്യാര്‍ഥികളുടെ രജിസ്ട്രേഷനും ആശയസമര്‍പ്പണവും സെപ്റ്റംബര്‍ 14 നു പൂര്‍ത്തിയായി. സംസ്ഥാ നത്തെ ഹൈസ്കൂള്‍ മുതല്‍ ഗവേഷണതലം വരെയുള്ള വിദ്യാര്‍ഥികളാണ് യങ് ഇന്നൊവേറ്റര്‍സ് പ്രോഗ്രാമില്‍ (വൈ.ഐ.ഡി) പങ്കെടുക്കുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വി എച്ച് എസ് ഇ സ്കൂളുകളില്‍ പൊതു വിദ്യാഭ്യസ വകുപ്പ്, കെ-ഡിസ്ക്, എസ്.എസ്.കെ എന്നിവര്‍ ചേര്‍ന്നാണ് പ്രസ്തുത പരിപാടി നടപ്പിലാക്കി വരുന്നത്.
സംസ്ഥാനത്തൊട്ടാകെ വിവിധ സ്കൂളുകളില്‍ നിന്ന് 16,976 വിദ്യാര്‍ഥി ടീമുകള്‍ ആശയങ്ങള്‍ സമര്‍പ്പിച്ചു. 2,82,113 വിദ്യാര്‍ഥികള്‍ ഈ പരിപാടിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. 3,017 ആശയങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് തുടര്‍ച്ചയായി രണ്ടാം തവണയും കൊല്ലം ജില്ല ചാമ്പ്യന്മാരായി. ബി.ആര്.സി വിഭാഗത്തില്‍ 797 ആശയങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് നിലമ്പൂര്‍ ബി.ആര്.സി (മലപ്പുറം ജില്ല) ഒന്നാംസ്ഥാനം കരസ്ഥമാക്കി. പൊതു വിദ്യാഭ്യസവകുപ്പിനു കീഴിലുള്ള സ്കൂള്‍ വിഭാഗത്തില്‍ 708 ആശയങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് എന്‍.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂര്‍ (കണ്ണൂര്‍ ജില്ല) ഒന്നാംസ്ഥാനം കരസ്ഥമാക്കി. സി.ബി.എസ്.ഇ – ഐ.സി.എസ്.ഇ സ്കൂള്‍ വിഭാഗത്തില്‍ 73 ആശയങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് ജവഹര്‍ നവോദയ നേരിമംഗലം (എറണാകുളംജില്ല) ഒന്നാംസ്ഥാനം കരസ്ഥമാക്കി. സമര്‍പ്പിച്ച ആശയങ്ങളുടെ വിവിധ ഘട്ടത്തിലുള്ള മൂല്യനിര്‍ണയങ്ങള്‍ തുടര്‍ന്ന് നടത്തും.
യങ് ഇന്നൊവേറ്റര്‍സ് പ്രോഗ്രാം സ്കൂള്‍ വിഭാഗം സംസ്ഥാന തല വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്കായി പത്ത് മാര്‍ക്ക് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവാക്കുകയുണ്ടായി. നിലവിലെ സ്കൂള്‍ ശാസ്ത്രമേളയ്ക്ക് സമാനമായാണിത്. ഈ പരിപാടിയിലൂടെ രണ്ട് അല്ലെങ്കില്‍ മൂന്നംഗ വിദ്യാര്‍ഥി ടീമുകള്‍ യഥാര്‍ത്ഥ ലോക പ്രശ്ന പരിഹാരത്തിനുള്ള ആശയങ്ങള്‍ സമര്‍പ്പിക്കുന്നു. മൂന്നു തലത്തിലെ മൂല്യനിര്‍ണ്ണയത്തിലൂടെ കണ്ടെത്തുന്ന സംസ്ഥാന വിജയികളായ ടീമുകള്‍ക്ക് പ്രോജക്റ്റ് പൂര്‍ത്തിയാക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശവും സാമ്പത്തികസഹായവും നല്കുന്നു.
