പാലക്കാട് : ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി നാളെ പാലക്കാട് കോട്ടമൈതാനിയില്‍ നടക്കുന്ന പരേഡില്‍ തദ്ദേശ സ്വയംഭരണ, എക്സൈ സ്, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ദേശീയ പതാക ഉയർത്തും. പരേഡില്‍ പൊലീസ്, എക്സൈസ് ഉള്‍പ്പടെ വിവിധ സേനാ വിഭാഗങ്ങളുടെയും സിവില്‍ ഡിഫന്‍സ്, എന്‍.സി.സി, എസ്.പി.സി, സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയവയുടെയും 29 പ്ലറ്റൂണുകള്‍ അണിനിരക്കും. തൃത്താല പൊലീസ് സ്റ്റേഷന് ഇൻസ്പെക്ടർ മനോജ് ഗോപി പരേഡ് കമാൻഡറാവും. ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ് റിസർവ് സബ് ഇൻസ്പെക്ടർ കെ.എൻ. ജയൻ സെക്കൻഡ് ഇൻ കമാൻഡറാവും. രാവിലെ 8.30-ന് പാലക്കാട് ആർ.ഡി.ഒ. കെ. മണികണ്ഠൻ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നതോടെയാണ് ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് രാവിലെ ഒമ്പതിന് മന്ത്രി എം.ബി രാജേഷ് പതാക ഉയര്‍ത്തും. വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.കാണിക്കമാത ഹയർ സെക്കൻഡറി സ്കൂൾ, മൂത്താൻതറ കർണകിയമ്മൻ എച്ച്.എസ്.എസ് എന്നീ സ്കൂളുകള്‍ അവതരിപ്പിക്കുന്ന ബാന്‍ഡ് വാദ്യം, മലമ്പുഴ നവോദയ സ്കൂളിലെ വിദ്യാർഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ തുടങ്ങിയവും അരങ്ങേറും. ജില്ലയിലെ എം.പി.മാരും എം.എൽ. എമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരേഡില്‍ പങ്കെടുക്കും.
