മണ്ണാര്‍ക്കാട് : കേന്ദ്രസര്‍ക്കാരിന്റെ ഭരണപരിഷ്ക്കരണ വകുപ്പ് നടപ്പിലാക്കുന്ന സം സ്ഥാന സഹകരണ സംരംഭ പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കുന്ന 11 ഇനങ്ങളില്‍ ഒന്നാമതായി കേരളത്തിന്റെ ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് പദ്ധതി ഇടം പിടിച്ചു. പൊതു ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമായ സംസ്ഥാന സര്‍ക്കാര്‍ വില്ലേജുകള്‍ സ്മാര്‍ട്ട് ആക്കുകയാണ്. ഇതിനൊപ്പം സ്മാര്‍ട്ട് സേവനങ്ങളും എന്ന സങ്കല്പം സാക്ഷാത്കരിക്കുന്നതിനും മുന്‍ഗണന നല്‍കുന്നുണ്ട്. വില്ലേജ് ഓഫിസുകളില്‍ നിന്നുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനായാണ് ഇപ്പോള്‍ നല്‍കുന്നത്. എങ്കിലും വിവിധ ആവശ്യങ്ങള്‍ക്ക് വിവിധതരം സാക്ഷ്യപത്രങ്ങള്‍ വര്‍ഷത്തില്‍ രണ്ടും മൂന്നും തവണ ആവശ്യമായി വരുന്ന അവസരത്തില്‍ ഓരോ തവണയും സര്‍ട്ടിഫിക്കറ്റുകള്‍ ക്കായി അപേക്ഷിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് പരിഹരിക്കുന്ന തിനാണ് ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് എന്ന ആശയത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഒരു എടിഎം കാര്‍ഡിന്റെ മാതൃകയില്‍ ചിപ്പും ക്യുആര്‍ കോഡും യൂണിക് നമ്പരും ഉള് പ്പെടുന്ന ഡിജിറ്റല്‍ റവന്യൂ കാര്‍ഡില്‍ വ്യക്തിഗത വിവരങ്ങളും ഭൂമി സംബന്ധമായ വിവരങ്ങളും ലഭ്യമാകും. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാകുന്ന വില്ലേജുകളില്‍ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരത്തക്ക വിധമാണ് നടപടികള്‍ പുരോഗമിക്കുന്നത്.
