ചിറ്റൂര്‍ : പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. കുളി ക്കാനിറങ്ങിയതായിരുന്നു ഇവര്‍. മൂന്നുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പോത്തനായ്ക്കന്‍ ചള്ള വണ്ടിത്താവളം സ്വദേശികളായ അഭിനവ് കൃഷ്ണ (13), അജി (15) എന്നിവരാണ് പുഴയില്‍ കുടുങ്ങിയത്.
ചിറ്റൂര്‍ പുഴയുടെ നരണി ഭാഗത്തായിരുന്നു സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോ ടെയായിരുന്നു കുട്ടികള്‍.പുഴയില്‍ കുടുങ്ങിയത്.ഇവര്‍ക്ക് പരിക്കുകളൊന്നുമില്ല. സമീപത്ത് ജോലിക്കായി എത്തിയ മൂന്ന് യുവാക്കളാണ് കുട്ടികള്‍ പുഴയില്‍ അകപ്പെ ട്ടതായി കണ്ടതും അഗ്നിരക്ഷാസേനയെ വിവരംഅറിയിച്ചതും. മൂന്നു കുട്ടികളില്‍ ഒരാളെ യുവാക്കളാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം ചിറ്റൂര്‍ പുഴയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ അകപ്പെട്ട അതേസ്ഥലത്ത് തന്നെയാണ് കുട്ടികളും കുടുങ്ങിയത്. കുട്ടികള്‍ ഇറങ്ങിയ സമയത്ത് പുഴയില്‍ ഒരുപാട് വെള്ളമുണ്ടായിരുന്നില്ല എന്നാണ് വിവരം. മൈസൂര്‍ സ്വദേശികള്‍ കയറിനിന്ന അതേ പാറയില്‍ തന്നെയാണ് ഈ കുട്ടികളും കയറി നിന്നത്.കളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ ഫുട്ബോള്‍ എടുക്കാന്‍ പോയതിനെ തുടര്‍ന്നാണ് പുഴയില്‍ കുടുങ്ങിയതെന്ന് കുട്ടികള്‍ അറിയിച്ചു. ചിറ്റൂര്‍ ഫയര്‍ ഫോഴ്സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തമിഴ്നാട്ടില്‍ ആളിയാര്‍ വൃഷ്ടി പ്രദേശത്ത് മഴയുളള സാഹചര്യത്തില്‍ കൂടുതല്‍ ജലം മണക്കടവില്‍ എത്തുന്നതായും ഇതേ തുടര്‍ന്ന് മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ ക്രമാതീതമായി തുറക്കേണ്ടി വരുമെന്നതിനാല്‍ ചിറ്റൂര്‍ പുഴയില്‍ ജലനിരപ്പ് കൂടാന്‍ സാധ്യത ഉണ്ടെന്ന് തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ടായിരുന്നു.