പാലക്കാട്: ജില്ലയിൽ ഇന്ന് 164655 അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ബൂത്തുകളിലൂടെ പോളിയോ തുള്ളിമരുന്ന് നൽകിയതായി ഡി.എം.ഒ അറിയിച്ചു. 76.60 % ആണ് അച്ചീവ്മെന്റ്. ടാർജറ്റ് 214942 ആണ്. ഗ്രാമപ്രദേശങ്ങളിലെ ( റൂറൽ) അച്ചീവ്മെൻറ് 149330 ആണ്. നഗരപ്രദേശങ്ങളിലേത് (അർബൻ) 15325 ആണ്. 920 ഓളം അതിഥി സംസ്ഥാനങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകിയിട്ടുണ്ട്. ബൂത്തുകളിലൂടെ തുള്ളിമരുന്ന് ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് വരും ദിവസങ്ങളിൽ ഗൃഹ സന്ദർശനങ്ങളിലൂടെ തുള്ളിമരുന്ന് നൽകുന്നതായിരിക്കും.
പൾസ് പോളിയോ ഇമ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം പാലക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരിയാണ് നിർവഹിച്ചത്. വാർഡ് കൗൺസിലർ എം.മോഹൻ ബാബു അദ്ധ്യക്ഷനായ പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.കെ.പി റീത്ത മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ ടി.കെ ജയന്തി, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ.ജയശ്രീ, സംസ്ഥാന തല നിരീക്ഷകൻ ഡോ.അലിഗർ ബാബു, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയാ ഓഫീസർ സി.വി.വിനോദ് എന്നിവർ സംസാരിച്ചു.