പാലക്കാട് : പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടക്കും. അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്കാണ് തുളളിമരുന്ന് നല്‍കുന്നത്. ഇതിനായുളള ബൂത്തുകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും. ഇത്തരത്തില്‍ ജില്ലയില്‍ 2200 ഓളം സാധാരണ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 68 ട്രാന്‍സിറ്റ് ബൂത്തുകള്‍, 5 മേള/ബസാര്‍ ബൂത്തുകള്‍, 100 മൊബൈല്‍ ബൂത്തുകള്‍ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ഏകദേശം രണ്ടേകാല്‍ ലക്ഷത്തില്‍പ്പരം കുട്ടികള്‍ക്ക് പാലക്കാട് ജില്ലയില്‍ തുളളിമരന്ന് നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
അങ്കണവാടികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഉത്സവ സ്ഥലങ്ങള്‍ തുടങ്ങി കുട്ടികള്‍ വരാനിടയുളള എല്ലാ സ്ഥലങ്ങളിലും പ്രത്യേക ബൂത്തുകള്‍ സ്ഥാപിച്ച് തുളളിമരുന്ന് വിതരണം നടത്തുന്നതിനുളള ക്രമീകരണമാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തുന്നത്. തുടര്‍ന്ന് ജനുവരി 20, 21 തീയതികളില്‍ വോളന്റിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തി അഞ്ചു വയസ്സിനു താഴെയുളള എല്ലാ കുട്ടികള്‍ക്കും പോളിയോ തുളളിമരുന്ന് നല്‍കിയെന്ന് ഉറപ്പുവരുത്തുന്നതാണ്. രോഗ പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം വാക്‌സിന്‍ നല്‍കിയ കുട്ടികള്‍ക്കും തുളളി മരുന്നു നല്‍കണം. 2011 ന് ശേഷം രാജ്യത്ത് പോളിയോ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പോളിയോ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതലായാണ് ഇമ്മ്യൂണൈസേഷന്‍ നടത്തുന്നത്. 2000 ല്‍ മലപ്പുറത്താണ് കേരളത്തില്‍ അവസാനമായി പോളിയോ റിപ്പോര്‍ട്ട് ചെയ്തത്.
പള്‍സ് പോളിയോ വിതരണം: സംയുക്തയോഗം ആറിന്
പള്‍സ് പോളിയോ തുളളിമരുന്നു വിതരണ പരിപാടിയുടെ വിജയത്തിന് സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പ് വരുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി സംയുക്തയോഗം ജനുവരി ആറിന് ഉച്ചയ്ക്ക് 12ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.