മണ്ണാര്‍ക്കാട്: ഇരുചക്ര വാഹനം വാങ്ങി സൈഡ് വീല്‍ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോര്പ്പറേഷന് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി 15,000 രൂപ വരെ സബ്സിഡി അനുവദിക്കുന്നു.അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം വാഹനം വാങ്ങിയതിന്റെയും സൈഡ് വീല്‍ ഘടിപ്പിച്ചതിന്റെയും ബില്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ആര്.സി.ബുക്ക്, ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കല്‍ ബോ ര്‍ഡ് സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ 1, 2 പേജുകള്‍, ലൈസന്‍സ്/ലേണേഴ്സ് ലൈസന്‍സ് എന്നിവയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പ്പറേഷന്, പൂജപ്പുര, തിരുവനന്തപുരം-12, എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കഴിഞ്ഞ 8 വര്‍ഷത്തിനു ള്ളില്‍ വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ഇതേ ആവശ്യത്തിന് സബ്സിഡി ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാ ന തീയതി ജൂണ്‍ 18ന് വൈകിട്ട് അഞ്ചുമണി. അപേക്ഷ ഫോറം www.hpwc.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2347768, 7153, 7152, 7456.