മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തില്‍ ഒരേകുടുംബത്തില്‍ നിന്നും മാറ്റുരച്ച അഞ്ചുപേരും പങ്കെടുത്ത ഇനങ്ങളില്ലെലാം എ ഗ്രേഡോടെ മികച്ച വിജയം സ്വന്തമാക്കി. കുമരംപുത്തൂര്‍ ചുങ്കം സ്വദേശിയും കവിയുമായ സിദ്ദീഖ് മച്ചിങ്ങലിന്റെയും സഹോദരന് സുലൈമാന്‍, സഹോദരി റുഖിയയ എന്നിവരുടെ മക്കളായ ഷഹിംഷാ, അജില്‍ ഷാന്‍, സജില്‍ ഷാന്‍, റിയ ഫാത്തിമ, ലിന്‍ഷ എന്നിവരാണ് നേട്ടങ്ങള്‍ കൈവരിച്ചത്.
മാപ്പിളപാട്ട്, അറബനമുട്ട്, കഥാപ്രസംഗം, വിവിധ ഭാഷകളിലുള്ള സംഘഗാനങ്ങള്‍ തുടങ്ങി മാറ്റുരച്ച എല്ലാ ഇനങ്ങളിലും ഇവര്‍ ‘എ’ ഗ്രേഡ് കരസ്ഥമാക്കി. രണ്ട് ഒന്നാം സ്ഥാനങ്ങളും രണ്ട് മൂന്നാം സ്ഥാനങ്ങളും ഉള്‍പ്പെടെയാണ് ഈ മിടുക്കരുടെ നേട്ടം.ഹൈസ്കൂള്‍ വിഭാഗം അറബന മുട്ടില്‍ എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ഷഹിംഷായും, യു.പി. വിഭാഗം കഥാപ്രസംഗത്തില്‍ കുമരംപുത്തൂര്‍ എ.യു.പി.എസ്. വിദ്യാര്‍ഥിനി ലിന്‍ഷയും ഒന്നാം സ്ഥാനം നേടി. കുമരംപുത്തൂര്‍ എ.യു.പി.എസ്. വിദ്യാര്‍ഥിയായ അജില്‍ ഷാന്‍ യു.പി. വിഭാഗം മാപ്പിള പാട്ടിലും ഉറുദു സംഘഗാനത്തിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി.
യു.പി. വിഭാഗം മാപ്പിളപാട്ടില് പള്ളിക്കുന്ന് എ.യു.പി.എസ്. വിദ്യാര്‍ഥിനി റിയ ഫാത്തിമയും, എല്‍.പി. വിഭാഗം മാപ്പിളപാട്ട്, മലയാളം സംഘഗാനം, അറബിക് സംഘഗാനം എന്നിവയില്‍ വട്ടമ്പലം ജി.എല്‍.പി.എസ്. വിദ്യാര്‍ഥി സജില്‍ ഷാനും ‘എ’ ഗ്രേഡോടെ വിജയം നേടി.
