പാലക്കാട്: സാനിറ്ററി മാലിന്യങ്ങള്‍ കത്തിച്ചുകളയുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കാന്‍ ജില്ലയില്‍ റീജിയണല്‍ സാനിറ്ററി പ്ലാന്റ് വരുന്നു.തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ക്ലീന്‍ കേരള കമ്പനിയുടെയും നേതൃത്വത്തില്‍ കഞ്ചിക്കോട് സ്ഥാപിക്കുന്ന പ്ലാന്റ് ഡിസംബര്‍ അവ സാനത്തോടെ പ്രവര്‍ത്തനസജ്ജമാകും. പ്രതിദിനം 20 ടണ്‍ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ മാലിന്യമായിരിക്കും ഇവിടെ സംസ്കരിക്കുക.
വീടുകള്‍, ആശുപത്രികള്‍, കോളേജുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും പ്രത്യേകം നല്കുന്ന സുരക്ഷിത കവറുകളിലാണ് സാനിറ്ററി മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ആവശ്യാനുസരണം മൊബൈല്‍ ആപ്പ് വഴിയാണ് മാലിന്യം ശേഖരിക്കുന്നത്. ഇത്തരത്തില്‍ സുരക്ഷിതമായി പാക്ക് ചെയ്യുന്ന മാലിന്യങ്ങള്‍ ജി.പി.എസ്. സംവിധാനമുള്ള, പൂര്‍ണമായും മൂടിയ വാഹനങ്ങളിലൂടെ യാണ് പ്ലാന്റിലെത്തിക്കുക.
പ്ലാന്റിലെത്തിക്കുന്ന മാലിന്യങ്ങള്‍ 1050 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കുന്ന ഡബിള്‍ ചേമ്പര്‍ ഇന്‍സിനറേറ്ററുകള്‍ ഉപയോഗിച്ച് ശാസ്ത്രീയമായി സംസ്ക രിക്കും. സംസ്കരണ സമയത്തുണ്ടാകുന്ന വാതകങ്ങളിലെ മലിനീകരണ ഘടകങ്ങള്‍ നിയ ന്ത്രിക്കാന്‍ ആസിഡ് ഗ്യാസ് സ്ക്രബ്ബറുകള്‍, ബാഗ് ഹൗസ് ഫില്‍ട്ടറുകള്‍ തുടങ്ങിയ അത്യാധുനിക വായു മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഫില്‍ട്ടര്‍ ചെയ്ത് ശുദ്ധീകരിച്ച വാതകങ്ങള്‍ 30 മീറ്റര്‍ ഉയരമുള്ള ചിമ്മിനിയിലൂടെയാണ് പുറന്തള്ളു ന്നത്. അതിനാല്‍ ജനങ്ങള്‍ക്കും സസ്യജന്തുജാലങ്ങള്‍ക്കും ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സാധിക്കും. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളും പുക പുറന്തള്ളുന്ന തിന്റെ നിലവാരവും ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി നിരന്തരം നിരീക്ഷിക്കുകയും മലിനീക രണ നിയന്ത്രണ ബോര്‍ഡിന് 24 മണിക്കൂറും തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.
മാലിന്യം ശേഖരിച്ചെത്തിക്കുന്ന വാഹനങ്ങള്‍ പൂര്‍ണമായും കഴുകി വൃത്തിയാക്കിയ ശേഷമാണ് വീണ്ടും സര്‍വീസിനായി അയയ്ക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന വെള്ളം പ്രതിദിനം 5 കിലോലിറ്റര്‍ ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റിലൂടെ (ഇ.ടി.പി.) ശുദ്ധീകരിക്കുന്നതി നാല് മലിനജലം മണ്ണിലേക്ക് ഇറങ്ങുന്നതും പൂര്‍ണമായി തടയാനാകും. മാലിന്യ ശേഖരണം മുതല്‍ സംസ്കരണം വരെയുള്ള ഓരോ ഘട്ടത്തിലും ആരോഗ്യ-പാരിസ്ഥിതിക സുരക്ഷയ്ക്ക് പ്രാധാന്യം നല്കുന്ന ഈ സംവിധാനം സാനിറ്ററി മാലിന്യ സംസ്കരണത്തില്‍ കേരളത്തിന് മാതൃകയാകും.
