മണ്ണാര്‍ക്കാട്: 17 മുതല്‍ 21 വരെ മണ്ണാര്‍ക്കാട് നടക്കുന്ന മുപ്പതാമത് സംസ്ഥാന സ്കൂള്‍ ശാസ്ത്രോ ത്സവത്തിനായി ഒരുക്കുന്ന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം സ്റ്റേജ് ആന്‍ഡ് പന്തല്‍ കമ്മിറ്റി ചെയര്‍പേഴ്സണും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എം.നീതു ശങ്കര്‍ നിര്‍വഹിച്ചു.
ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള സ്കില്‍ ഫെസ്റ്റിവലിനായി കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന്റെ സമീപം മിനി മുബാസ് ഗ്രൗണ്ടില്‍ വിപുലമായ പന്തലാണ് ഒരുക്കുന്നത്. ഭക്ഷണശാല ക്ക് യൂണിറ്റി സ്കൂള്‍ ഗ്രൗണ്ടിലും പ്രവൃത്തിപരിചയ മേളക്ക് നെല്ലിപ്പുഴ ഡി.എച്ച്.എസ്. ഗ്രൗണ്ടിലും വൈ.ഐ.പി. ശാസ്ത്രപഥം പ്രദര്‍ശനത്തിന് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് വലിയ പന്തലുകള്‍ സജ്ജമാക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഏഴായിരത്തിലധികം മത്സരാര്‍ഥികള്‍ക്കും ഒഫീഷ്യല്‍സ്, പത്രമാധ്യമങ്ങള്‍, സംഘാടക സമിതി തുടങ്ങിയവക്കും ഏറെ പ്രയോജനകരമായ രീതിയിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.
ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന അധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍, സ്റ്റേജ് ആന്‍ഡ് പന്തല്‍ കമ്മിറ്റി കണ്‍വീനര്‍ കെ.എച്ച് ഫഹദ്, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട്, ഡി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ കെ മുഹമ്മദ് കാസിം, സംഘാടക സമിതി ഭാരവാഹികളായ വി.വിനോദ്, ഇ.ഫൈസല്‍, ഹമീദ് കൊമ്പത്ത്, കെ.കെ മണികണ്ഠന്, കരീം മുട്ടുപാറ, പി. ഹംസ, കെ.എമനാഫ്, കെ.ജെ സെബാസ്റ്റ്യന്‍, സി.എം മാത്യു, സി.പി മൊയ്തീന്, കെ.ആര് പ്രജിത്, ടി.ഷംന, എ.ഹസനുല്‍ ബന്ന, കെ.പ്രകാശ് തുടങ്ങി യവര്‍ പങ്കെടുത്തു.
