കോട്ടോപ്പാടം:ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ ഇടപെടലുമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍. വിദ്യാലയത്തിലെ മൂന്ന് നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളും റേഞ്ചര്‍,റോവര്‍ യൂണിറ്റുകളും ചേര്‍ന്ന് കോട്ടോപ്പാടം പാലിയേറ്റീവ് യൂണിറ്റിന് കീഴില്‍ ആരംഭിക്കുന്ന ഫിസിയോ തെറാപ്പി സെന്ററിനായി സമാഹരിച്ച രണ്ട് ലക്ഷം രൂപയുടെ ചെക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് പാലിയേറ്റീവ് കെയര്‍ ഫൗണ്ടേഷന് ഭാരവാഹികള്‍ക്ക് കൈമാറി.
സമൂഹത്തിലെ നിര്‍ധനരും രോഗബാധിതരുമായ വ്യക്തികള്‍ക്ക് ആശ്വാസവും പിന്തുണയും നല്‍കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ധനസമാഹരണം വിദ്യാര്‍ത്ഥികളുടെ സാമൂഹിക പ്രതിബദ്ധതക്കും സേവന മനോഭാവത്തിനും ഉത്തമ മാതൃകയായി. പാഠപുസ്തകങ്ങള്‍ക്കപ്പുറം കാരുണ്യത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും പാഠങ്ങള്‍ വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കൂട്ടായ പരിശ്രമത്തിലൂടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കകം ധനസമാഹരണം ലക്ഷ്യത്തിലെത്തിക്കാന്‍ നേതൃത്വം നല്കിയ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ സി.സമീറ,ദിഷ,ജി.ദിവ്യ,റോവര്‍ ലീഡര്‍ കെ.പി.നൗഫല്‍,റേഞ്ചര്‍ ലീഡര്‍ പി.ഇ. സുധ എന്നിവരെ ചടങ്ങില്‍ അഭിനന്ദിച്ചു.
പ്രിന്‍സിപ്പല്‍ എം.പി സാദിഖ് അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍,സ്കൂള്‍ മാനേജിങ് ട്രസ്റ്റ് ചെയര്മാന് കല്ലടി അബൂബക്കര്‍,പി.ടി.എ പ്രസിഡന്റ് കെ.ടി അബ്ദുള്ള, അണ് എയ്ഡഡ് വിഭാഗം പ്രിന്‍സിപ്പല്‍ കെ. സജ്ല, എച്ച്.എസ്.എസ് ജില്ലാ അസി. കോഓര്‍ഡിനേറ്റര്‍ ബാബു ആലായന്‍, പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് സി.അസീസ്, നാസര്‍ അക്കര,എന്‍.സലീം,നാസര്‍ പുളിക്കല്‍, ഫൈസല്‍ കല്ലടി, എന്‍.ഒ സലീം, എ.കുഞ്ഞയമു, എന്‍.ഹബീബ് റഹ്മാന്, ടി.എം അയ്യപ്പദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എസ്.എസ് വോളന്റിയര്‍ ലീഡര്‍മാരായ സി. ഫാത്തിമ ലെസിന്, സി.എം.ഫിദ,ഇഷാ ഫാത്തിമ,സി.എം. മിയാസ,ജെയിംസ് രഞ്ജിത്ത് എന്നിവരാണ് ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
