ഇനി ജൈവവൈവിധ്യ പൈതൃക കേന്ദ്രം
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലാ ബോട്ടണി വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ബോട്ടാണിക്കൽ ഗാർഡൻ ഇനി സംസ്ഥാനത്തെ രണ്ടാമത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രം. ഇതിനായുള്ള ഗസറ്റ് വിജ്ഞാപനം കേരള സർക്കാർ പുറപ്പെടുവിച്ചു. ബോട്ടണി വിഭാഗം മുൻ പ്രൊഫസർ ഡോ. സന്തോഷ് നമ്പിയുടെ ശ്രമഫലമായി, ദേശീയ ജൈവവൈവിദ്യ ബോർഡിന്റെയും സംസ്ഥാന ജൈവവൈവിദ്യ ബോർഡിന്റെയും സഹായത്തോടെയാണ് ഗാർഡൻ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചത്. 19.5 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ബൊട്ടാണിക്കൽ ഗാർഡൻ അപൂർവമായ സസ്യങ്ങളുടെ കലവറയാണ്. ബ്രയോഫൈറ്റുകൾ, പന്നൽവർഗങ്ങൾ, കാക്ടസുകൾ, ജലസസ്യങ്ങൾ, ഇഞ്ചിവർഗങ്ങൾ, കാട്ടുവാഴകൾ, ഔഷധസസ്യങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെടുന്ന നിരവധി ഇനങ്ങൾ സസ്യോദ്യാനത്തെ സമ്പന്നമാക്കുന്നു. പശ്ചിമഘട്ട പ്രദേശം, അൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സസ്യങ്ങൾ ഈ ഉദ്യാനത്തിൽ ഉണ്ട്. കൂടാതെ, 13.5 ഏക്കറോളം സ്ഥലത്ത് സ്വാഭാവിക സസ്യജാലങ്ങളെ സംരക്ഷിച്ചുനിർത്തിയിട്ടുണ്ട്. ഉദ്യാനത്തിലെ വിശാലമായ ജലസംഭരണികൾ സമീപ പ്രദേശത്തെ ജലസ്രോതസ്സുകളെയും ഗുണകരമായി സ്വാധീനിക്കുന്നുണ്ട്.
പ്രൊഫ. ബി.കെ. നായരുടെ നേതൃത്വത്തിൽ 1968-ൽ സ്ഥാപിതമായ ബൊട്ടാണിക്കൽ ഗാർഡൻ, കാലിക്കറ്റിൽ പലപ്പോഴായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഒട്ടേറെ പ്രമുഖരായ അധ്യാപകരുടെ ദീർഘ വീക്ഷണത്തിന്റെ ഫലമായാണ് ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി മാറിയത്. ഗാർഡൻ ഇന്ന് ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള സസ്യശാസ്ത്ര ഗവേഷകരും വിദ്യാർത്ഥികളും ഒരുപോലെ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. കാഴ്ചാപരിമിതിയുള്ളവർക്ക് സസ്യങ്ങളെ മണം കൊണ്ടും തൊട്ടറിഞ്ഞും പരിചയപ്പെടാനുമുള്ള പ്രത്യേക സംവിധാനം ഗാർഡനിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ചെടികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനുള്ള ഓഡിയോ സംവിധാനവും പേരും മറ്റു വിവരങ്ങളും ബ്രെയിൽ ലിപിയിലും രേഖപ്പെടുത്തിയിട്ടു മുണ്ട്. കാടിന്റെ കുളിർമ അനുഭവിച്ചറിയുവാനും സസ്യങ്ങളെ പരിചയപ്പെടുവാനുമായി കുട്ടികൾക്കായി ഹ്രസ്വദൂര ട്രെക്കിങ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്യാനത്തിന്റെ വിവിധ ഭാഗങ്ങളെയും ഗ്രീൻഹൗസുകളെയും ജലസംഭരണികളെയും ബന്ധിപ്പിച്ചുകൊണ്ട് മനോഹരമായ നടപ്പാതകളും ഉണ്ട്.
കാലിക്കറ്റ് സർവകലാശാലയിൽ പ്രധാനമന്ത്രി ഉച്ചതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേന്ദ്ര – സംസ്ഥാന സർക്കാർ സഹായത്തോടെ 3.6 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക ഗവേഷണ കേന്ദ്രം- ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ ബയോ പ്രോസ്പെക്റ്റിങ് (ICPTB) സസ്യവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തുന്ന ബഹുമുഖമായ പ്രവർത്തനങ്ങൾ ജൈവവൈവിധ്യ പൈതൃക കേന്ദ്രത്തിന് മുതൽക്കൂട്ടാവും.
