എടത്തനാട്ടുകര: മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ കലോത്സവം തിങ്കളാഴ്ച മുതല്‍ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിക്കും. വ്യാഴാഴ്ച വരെ നീണ്ടുനില്ക്കു ന്ന കലോത്സവത്തില്‍ ഉപജില്ലയിലെ നൂറിലേറെ വിദ്യാലയങ്ങളില്‍ നിന്നായി എണ്ണായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും.രാവിലെ 9ന് മണ്ണാര്‍ക്കാട് എ.ഇ.ഒ. സി. അബൂബക്കര്‍ പതാക ഉയര്‍ത്തും. ആദ്യദിനം 40 വേദികളിലായി സ്റ്റേജ്, സ്റ്റേജ് ഇതര മത്സരങ്ങള്‍ അരങ്ങേറും. ചൊവ്വാഴ്ച വൈകിട്ട് 4ന് നടക്കുന്ന വി.കെ. ശ്രീകണ്ഠന് എം.പി. കലോത്സവം ഉദ്ഘാടനം ചെയ്യും. കെ.പ്രേംകുമാര്‍ എം.എല്‍. എ. അധ്യക്ഷനാകും. സാരംഗി (മുഖ്യ വേദി-സ്കൂള്‍ മുറ്റം), മേഘമല്‍ഹാര്‍ സ്കൂള്‍ മുറ്റം), സാവേരി (സ്കൂള്‍ മുറ്റം), ആനന്ദ ഭൈരവി (സ്കൂള്‍ ഗേറ്റിന് സമീപം), മോഹനം (കോട്ടപ്പള്ള സന ഓഡിറ്റോ റിയം), അല്‍ കാമില്‍ (ദാറുസ്സലാം മദ്റസ ഹാള്‍), അല്‍ ബാസിത് (പഴയ കോ-ഓപ്പറേറ്റീവ് സ്കൂള്‍), ഗസല്‍ (സ്കൂള്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയം), ഹംസധ്വനി (ഡെല്‍റ്റ ലേണിങ് ബില്‍ഡിങ്), കാംബോജി (ഡെല്‍റ്റ ലേണിങ് ബില്‍ഡിങ്) എന്നിവയാണ് പ്രധാന വേദികള്‍. കോട്ടപ്പള്ള സന ഓഡിറ്റോറിയത്തിലാണ് ഭക്ഷണ വിതരണം നടക്കുന്നത്.വ്യാഴാഴ്ച വൈകിട്ട് 5ന് സമാപന സമ്മേളനം നടക്കും.
