കല്ലടിക്കോട്: കരിമ്പ മൂന്നേക്കർ തുടിക്കോട് ഉന്നതിക്ക് മുകളിലുള്ള റബ്ബർ തോട്ടത്തിൽ എത്തിയ കാട്ടാന വീട്ടമ്മയെയും മകളെയും ഓടിച്ചു. പാണതൊടി അബ്ദുൾ റഹ്മാന്റെ ഭാര്യ സെൽമത്ത് (53),മകൾ ഫൗസിയ (19) എന്നിവരാണ് അനക്ക് മുന്നിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടത്. ഭയന്ന് ഓടുന്നതിനിടയിൽ സെൽമത്ത് വീണ് കാലിന് പരിക്കേറ്റു.ഇവരെ പെരിന്തൽമണ്ണയിലെ സ്വകാ ര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. സ്വന്തം റബ്ബർ തോട്ടത്തിൽ ഒട്ടുപാൽ ശേഖരിക്കുന്നതിനിടെ തൊട്ട് പിന്നിലെത്തിയ ആനയുടെ അലർച്ച കേട്ട് ഇരുവരും ഓടുകയുമായിരുന്നു.സെൽമത്തിന്റെ കാലിന് രണ്ട് പൊട്ടൽ ഉള്ളതായി ആശുപത്രീ അധികൃതർ സ്ഥിരീകരിച്ചു.
