രണ്ട് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
പാലക്കാട്: പാലക്കാട് കെ.എസ്.ആര്.ടി.സി ടെര്‍മിനലിന് കെട്ടിട നമ്പര്‍ ലഭ്യമാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷ തയില്‍ മന്ത്രിതല യോഗം ചേര്‍ന്നു. രമേഷ് പിഷാരടി എം.എല്‍.എയുടെ ആവശ്യപ്രകാരം മന്ത്രിയുടെ നിയമസഭാ ഓഫീസിലായിരുന്നു യോഗം. രണ്ട് മാസത്തിനകം ടെര്‍മിനലിന് കെട്ടിട നമ്പര്‍ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കി നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് പൂര്‍ണമായും വിനിയോഗിച്ച് നിര്‍മിച്ച ടെര്‍മിനല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തെങ്കിലും നഗരസഭ ഇതുവരെ കെട്ടിട നമ്പര്‍ അനുവദിച്ചിട്ടില്ല. ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്കിങ്ങിനായി നീക്കിവെച്ച സ്ഥലത്ത് അനധികൃതമായി കടകള്‍ പ്രവര്‍ത്തിക്കുന്നതാണ് കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് പ്രധാന തടസ്സമെന്ന് രമേഷ് പിഷാരടി എം.എല്‍.എ യോഗത്തില്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ ന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നുവരുന്ന ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് കമ്മിറ്റി (ടി.എം.സി) യോഗങ്ങളിലെ ചര്‍ച്ചകളെത്തുടര്‍ന്ന് കടകള്‍ മാറ്റിസ്ഥാപിക്കാന്‍ വ്യാപാരികള്‍ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു.
പുതിയ കെട്ടിടത്തില്‍നിന്ന് മലിനജല സംസ്കരണ പ്ലാന്റിലേക്ക് (എസ്.ടി.പി) കണക്ഷന് നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. കൂടാതെ പാലക്കാട്-ബെംഗളൂരു എ.സി. ബസ് സര്‍വീസിന്റെ വിജയകരമായ പ്രവര്‍ത്തനം പരിഗണിച്ച് ഒരു അധിക ബസ് അനുവദിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ക്രിസ്മസ്പുതുവത്സര അവധിക്കാലത്ത് പാലക്കാട് നഗരത്തില്‍ ഉല്ലാസയാത്രയ്ക്കായി ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ആരംഭിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
യോഗത്തില്‍ കെ.എസ്.ആര്.ടി.സി. സി.എം.ഡി. പ്രമോദ് ശങ്കര്‍, ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി.പി. പ്രദീപ്കുമാര്‍, അഡ്മിനിസ്ട്രേഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷറഫ് മുഹമ്മദ്, ചീഫ് ലോ ഓഫീസര്‍ ഹെന, എസ്റ്റേറ്റ് ജനറല്‍ മാനേജര്‍ ഉല്ലാസ് ബാബു, പാലക്കാട് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
