വിജിലന്‍സ് ബോധവത്ക്കരണ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി
പാലക്കാട്: ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നിയമത്തിനും ഭരണപരമായ ഉത്തരവുകള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കണമെന്നും ഇതില്‍ നിന്ന് വ്യതിചലിക്കാതെ, പൂര്‍ണമായും അഴിമ തിരഹിതമായ ഓഫിസ് അന്തരീക്ഷം സൃഷ്ടിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്ന് ജില്ലാ കലക്ടര്‍ കെ.സുധീര്‍. വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘പ്രോജക്റ്റ് സീറോ’പദ്ധതിയിലൂടെ അഴിമതിമുക്ത കേരളം എന്ന ജനകീയ മുന്നേറ്റമാണ് വിജിലന്‍സ് ലക്ഷ്യമിടുന്നത്.പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ 1064, 8592900900 എന്ന ടോള്‍ ഫ്രീ നമ്പറിലും dysppkd.vacb@kerala.gov.in ലും പരാതികള്‍ അറിയിക്കാം.
അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന ഉദ്യോഗസ്ഥര്‍, വിജിലന്‍സ് ഓര്‍ഗ നൈസേഷന്റെ ഘടന, അഴിമതി തടയാന്‍ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവരേണ്ടതിന്റെ പ്രാധാന്യം, അനധികൃത സ്വത്ത് സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സിന്റെ സ്പെഷ്യല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പാലക്കാട് വി.എ.സി.ബി ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് കെ. വിജയകുമാര്‍ ക്ലാസിന് നേതൃത്വം നല്കി. വി.എ.സി.ബി പൊലിസ് ഇന്‍സ്പെക്ടര്‍മാരായ ബോബിന് മാത്യു, അരുണ്‍ പ്രസാദ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
