അലനല്ലൂര്‍: അലനല്ലൂര്‍-കൊടിയംകുന്ന് റോഡില്‍ വെള്ളിയാര്‍ പുഴയ്ക്ക് കുറുകെ കണ്ണംകുണ്ടില്‍ പുതിയ പാലം നിര്‍മിക്കുന്നതിന്, പൊതുമരാമത്ത് വകുപ്പിന് ലഭിച്ച ടെന്‍ഡറുകള്‍ ബുധനാഴ്ച തുറക്കും.നിലവിലുള്ള കോസ്വേ, മഴക്കാലത്ത് വെള്ളത്തിനടിയിലായി കാല്‍നടയാത്ര പോലും തടസപ്പെടുന്ന ദുരവസ്ഥയ്ക്ക് പരിഹാരമായി പുതിയ പാലം നിര്‍മിക്കുന്നതിന് 10,78,38,089 രൂപ യാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.
പദ്ധതി പ്രദേശത്ത് സാമൂഹ്യ പ്രത്യാഘാത വിലയിരുത്തല്‍ നടത്തുന്നതിനായി കോട്ടയത്തുള്ള കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസസ് പഠനം ആരംഭിച്ചു. യൂണിറ്റ് ചെയര്മാന് സാജു ഇട്ടി, സാമൂഹിക ശാസ്ത്രജ്ഞരായ ആര്.സ്മിത, ഷീബ ജോണ്സണ് എന്നിവരടങ്ങിയ സംഘം സ്ഥല ത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. ഇതിന്റെ കരട് ഈയാഴ്ച ബന്ധപ്പെട്ട അധികൃതര്‍ ക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് 15 ദിവസം കഴിഞ്ഞ് പബ്ലിക് ഹിയറിങ് നടത്തുമെന്നും ആളുകളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടുമെന്നും സാമൂഹ്യപ്രത്യാഘാത വിലയിരുത്തല്‍ യൂണിറ്റ് ചെയര്മാന് സജു ഇട്ടി പറഞ്ഞു. പാലം വരുമ്പോഴുള്ള നാശനഷ്ടങ്ങളും ഭൂമിയേറ്റെടുക്കുമ്പോഴു ണ്ടാകുന്ന പ്രത്യാഘാതങ്ങളും ജനങ്ങളുടെ പ്രതീക്ഷകളുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ജനകീയ പദ്ധതിക്ക് നിലവില്‍ എതിര്‍പ്പുകളൊന്നുമില്ല. പാരിസ്ഥിതിക ആഘാത പഠനത്തിന് 45 ദിവസം അനുവദിച്ചിട്ടുണ്ടെങ്കിലും ഈ മാസം 25-ാം തിയതിയോടെ അന്തിമ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കോസ്വേയുടെ നീരൊഴുക്കിന്റെ മുകള്‍ ഭാഗത്തായാണ് പുതിയ പാലം നിര്‍മിക്കുന്നത്. 17.25 മീറ്റര്‍ വീതമുള്ള മൂന്ന് സ്പാനുകളിലായി ആകെ 54 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്. വിലങ്ങനെ താങ്ങോടുകൂടിയ മൂന്ന് ഗ്രിഡര്‍ ബീം സ്ലാബുകളാണ് പാല ത്തിലുണ്ടാവുക. 7.5 മീറ്ററില്‍ വാഹനപാതയും ഇരുവശങ്ങളില്‍ 1.5 മീറ്ററില്‍ നടപ്പാതയും നിര് മിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന. അലനല്ലൂര്‍ ഭാഗത്തുനിന്ന് പ്രവേശിക്കാന്‍ റാംപും അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലും ഉയര്‍ന്ന നടപ്പാതയും ഒരുക്കും. പുഴയുടെ തീരം സംരക്ഷിക്കാന്‍ പാലത്തിന്റെ തൂണുകളുടെ വശങ്ങളില് കോണ്‍ക്രീറ്റ് ഭിത്തിയും നിര്‍മിക്കും.
അതേസമയം,പാലം നിര്‍മാണത്തിനായി ഭൂമി വിട്ടുനല്‍കുന്ന അഞ്ച് പേര്‍ക്കുള്ള പുനരധിവാസ പാക്കേജ് തീരുമാനിക്കുന്നതിലേക്കായി റവന്യു-പൊതുമരാമത്ത്-ഏജന്‍സി പ്രതിനിധികള്‍ വെള്ളിയാഴ്ച പ്രദേശത്തെത്തും.നാട്ടുകാര്‍ ഉന്നയിച്ച റാംപ്, പാസേജ് തുടങ്ങിയ കാര്യങ്ങളും ഏജന് സിയെ ധരിപ്പിക്കാന്‍ കഴിയുമെന്നും റെവന്യുവകുപ്പ് അധികൃതര്‍ അറിയിച്ചു.
